വെള്ളിയാഴ്ചയോടെ 'ശുഭവാർത്ത' ഉണ്ടായേക്കുമെന്ന് ട്രംപ്; 'വീണ്ടും കള്ളം പറയുന്നു' എന്ന് ഇറാൻ

 

ഇറാനുമായുള്ള സമാധാന ചർച്ചകളിൽ ഉടൻ പുരോഗതിയുണ്ടാകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. രണ്ടാം ഘട്ട സമാധാന ചർച്ചകളെക്കുറിച്ചുള്ള ശുഭവാർത്ത വെള്ളിയാഴ്ചയോടെ പുറത്തുവന്നേക്കുമെന്ന് അദ്ദേഹം സൂചന നൽകി. എന്നാൽ, ഇത്തരമൊരു ചർച്ചയെക്കുറിച്ച് തീരുമാനമെടുത്തിട്ടില്ലെന്നും ട്രംപ് കള്ളം പറയുകയാണെന്നുമാണ് ഇറാന്റെ ഔദ്യോഗിക പ്രതികരണം.

പാകിസ്താന്റെ മധ്യസ്ഥതയിൽ ഇറാനെതിരായ സൈനിക നടപടികൾ താൽക്കാലികമായി നിർത്തിവെച്ച ട്രംപ്, വെടിനിർത്തൽ കരാർ കഴിഞ്ഞദിവസം നീട്ടി നൽകിയിരുന്നു. അടുത്ത 36 മുതൽ 72 മണിക്കൂറിനുള്ളിൽ ചർച്ചകൾ പുനരാരംഭിച്ചേക്കുമെന്ന് ഇസ്ലാമാബാദിലെ വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിഷയത്തിൽ വഴിത്തിരിവുണ്ടാകാൻ സാധ്യതയുണ്ടോ എന്ന ചോദ്യത്തിന്, "അതിന് സാധ്യതയുണ്ട്" എന്ന് ട്രംപ് ടെക്സ്റ്റ് മെസേജിലൂടെ മറുപടി നൽകിയതായും റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ, ട്രംപിന്റെ അവകാശവാദങ്ങളെ ഇറാന്റെ അർദ്ധ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്‌നിം ന്യൂസ് തള്ളി. "ട്രംപ് വീണ്ടും കള്ളം പറയുകയാണ്. വെള്ളിയാഴ്ച ചർച്ചകൾ നടത്താൻ ഇറാൻ നിലവിൽ തീരുമാനമൊന്നും എടുത്തിട്ടില്ല," എന്ന് അവർ എക്സിൽ കുറിച്ചു. ഇറാൻ ഭരണകൂടത്തിനുള്ളിലെ ഭിന്നതകളും പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, ഫീൽഡ് മാർഷൽ ആസിം മുനീർ എന്നിവരുടെ അഭ്യർത്ഥനയും പരിഗണിച്ചാണ് ആക്രമണം താൽക്കാലികമായി നിർത്തിവെച്ചതെന്ന് ട്രംപ് വ്യക്തമാക്കി.

അതേസമയം, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ ഉപരോധം തുടരാൻ സൈന്യത്തിന് ട്രംപ് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇറാന്റെ ഭാഗത്തുനിന്ന് ഏകീകൃതമായ ഒരു നിർദ്ദേശം ലഭിക്കുന്നത് വരെ വെടിനിർത്തൽ തുടരും. നേരത്തെ വെടിനിർത്തൽ നീട്ടില്ലെന്നും ബോംബാക്രമണം പുനരാരംഭിക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്ന ട്രംപിന്റെ ഈ നയമാറ്റത്തെ പാകിസ്താനും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും സ്വാഗതം ചെയ്തു.