ഇറാനെതിരെ കടുത്ത ഭീഷണിയുമായി ട്രംപ്; സമയപരിധി ഇന്ന് അർദ്ധരാത്രിയോടെ അവസാനിക്കും, വൈദ്യുതി നിലയങ്ങളും പാലങ്ങളും തകർക്കുമെന്ന് മുന്നറിയിപ്പ്

 

ഇറാനെതിരെ കടുത്ത സൈനിക നീക്കത്തിന് ഉത്തരവിടുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക് തുറക്കാനോ സമാധാന കരാർ ഒപ്പിടാനോ ഇറാൻ തയ്യാറായില്ലെങ്കിൽ രാജ്യം 'നരകതുല്യമായ' അവസ്ഥ നേരിടേണ്ടി വരുമെന്ന് ട്രംപ് ആവർത്തിച്ചു. വൈറ്റ് ഹൗസിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ബുധനാഴ്ച പുലർച്ചെയോടെ ഇറാനിലെ പ്രധാന വൈദ്യുതി നിലയങ്ങളും പാലങ്ങളും തകർക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കിയത്.

ഒറ്റ രാത്രി കൊണ്ട് ഇറാൻ എന്ന രാജ്യത്തെ പൂർണ്ണമായും ഇല്ലാതാക്കാൻ അമേരിക്കയ്ക്ക് സാധിക്കുമെന്ന് ട്രംപ് അവകാശപ്പെട്ടു. "ഞങ്ങൾക്ക് കൃത്യമായ പ്ലാൻ ഉണ്ട്. നാളെ രാത്രി 12 മണിയോടെ ഇറാനിലെ എല്ലാ പാലങ്ങളും തകർക്കപ്പെടും. എല്ലാ ഊർജ്ജ നിലയങ്ങളും കത്തിയമരും, ഇനി ഒരിക്കലും പ്രവർത്തിപ്പിക്കാൻ കഴിയാത്ത വിധം അവ നശിപ്പിക്കും," ട്രംപ് പറഞ്ഞു. ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കാൻ ഇറാൻ കാണിക്കുന്ന വിമുഖതയാണ് ട്രംപിനെ പ്രകോപിപ്പിച്ചത്.

ഇറാൻ മുന്നോട്ടുവെച്ച 10 ഇന നിബന്ധനകൾ തള്ളിയ ട്രംപ്, തന്റെ സമയപരിധി അവസാനത്തേതാണെന്ന് വ്യക്തമാക്കി. അന്താരാഷ്ട്ര തലത്തിൽ സിവിൽ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുന്നത് യുദ്ധക്കുറ്റമാണെന്ന ആരോപണങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞു. ഈ ഭീഷണിക്ക് പിന്നാലെ ഇറാനിലെ ഊർജ്ജ നിലയങ്ങൾക്ക് ചുറ്റും മനുഷ്യച്ചങ്ങല തീർക്കാൻ ഇറാൻ ഉപമന്ത്രി അലിറേസ റഹീമി ജനങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.