സമാധാനക്കരാറിലെ വ്യവസ്ഥകൾ ലംഘിച്ചാൽ ഇറാനെതിരെ കടുത്ത പ്രത്യാഘാതം ഉണ്ടാകുമെന്ന് ട്രംപ്
സമാധാനക്കരാറിലെ വ്യവസ്ഥകൾ ലംഘിച്ചാൽ ഇറാനെതിരെ കടുത്ത സൈനിക ആക്രമണം പുനരാരംഭിക്കുമെന്നും ബോംബിടുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി യുഎസും ഇറാനും തമ്മിൽ ചരിത്രപരമായ സമാധാനക്കരാറിലേക്ക് നീങ്ങുന്നതിനിടെയാണ് ട്രംപിന്റെ മുന്നറിയിപ്പ്. വെള്ളിയാഴ്ച ജനീവയിൽ ഔദ്യോഗികമായി ഒപ്പുവെക്കാൻ പോകുന്ന ഈ കരാറിലെ വ്യവസ്ഥകൾ തനിക്ക് പൂർണ്ണമായി ബോധ്യപ്പെട്ടില്ലെങ്കിൽ കടുത്ത നടപടിയുണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇറാന്റെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫും ഡിജിറ്റലായി ഇതിനകം പ്രാഥമിക ധാരണാപത്രത്തിൽ ഒപ്പുവെച്ചിട്ടുണ്ട്. എന്നാൽ കരാർ ഒപ്പുവെക്കുന്നതിന് മുന്നോടിയായി ഇറാന്റെ മരവിപ്പിച്ച 12 ശതകോടി (12 Billion) ഡോളറിന്റെ ആസ്തികൾ വിട്ടുനൽകുന്നതിനെച്ചൊല്ലി യുഎസും ഇറാനും തമ്മിൽ ഇപ്പോഴും തർക്കങ്ങൾ നിലനിൽക്കുകയാണ്. അതേസമയം യുഎസും ഇറാനും തമ്മിൽ ധാരണയിലെത്തിയെങ്കിലും തങ്ങളുടെ ഭാഗത്തുനിന്നുള്ള പോരാട്ടം ഇപ്പോഴും തുടരുകയാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു വ്യക്തമാക്കിയിട്ടുണ്ട്