ട്രംപിന് കനത്ത തിരിച്ചടി; ജന്മാവകാശ പൗരത്വം നിർത്തലാക്കാനുള്ള ഉത്തരവ് യുഎസ് സുപ്രീംകോടതി റദ്ദാക്കി
അമേരിക്കയിൽ ജന്മാവകാശ പൗരത്വം (Birthright Citizenship) നിർത്താലാക്കാനുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നീക്കത്തിന് സുപ്രീംകോടതിയിൽ നിന്ന് കനത്ത തിരിച്ചടി. യുഎസ് മണ്ണിൽ ജനിക്കുന്ന കുട്ടികൾക്ക് സ്വയമേവ പൗരത്വം ലഭിക്കുന്നത് നിയന്ത്രിച്ചുകൊണ്ടുള്ള ട്രംപിന്റെ വിവാദ എക്‌സിക്യുട്ടീവ് ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ഒമ്പതംഗ ബെഞ്ചിൽ ആറിനെതിരെ മൂന്ന് (6-3) വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കോടതി ട്രംപിന്റെ ഉത്തരവ് തള്ളിക്കൊണ്ട് ചരിത്രവിധി പ്രസ്താവിച്ചത്.
യുഎസിൽ അനധികൃതമായോ താത്കാലികമായോ താമസിക്കുന്ന വിദേശികൾക്ക് ജനിക്കുന്ന കുട്ടികൾക്ക് അമേരിക്കൻ പൗരത്വം നൽകേണ്ടതില്ലെന്നായിരുന്നു ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം. എന്നാൽ ട്രംപിന്റെ ഈ ഉത്തരവ് യുഎസ് ഭരണഘടനയുടെ പതിനാലാം ഭേദഗതിയുടെ നഗ്നമായ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു. 1868 മുതൽ നിലവിലുള്ള ഈ ഭരണഘടനാ തത്വം മാറ്റാൻ ഒൻപതംഗ ബെഞ്ചിലെ ഭൂരിഭാഗം ജഡ്ജിമാരും തയ്യാറായില്ല.
അധികാരമേറ്റ ആദ്യ ദിവസം തന്നെ ട്രംപ് ഒപ്പിട്ട പ്രധാന ഉത്തരവുകളിലൊന്നായിരുന്നു ഇത്. അനധികൃത കുടിയേറ്റം തടയാനാണ് ഈ നീക്കമെന്ന് വൈറ്റ് ഹൗസ് വാദിച്ചെങ്കിലും വിവിധ യുഎസ് സംസ്ഥാനങ്ങളും മനുഷ്യാവകാശ സംഘടനകളും ഇതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
അമേരിക്കയിൽ ജനിച്ച ഓരോ വ്യക്തിക്കും 14-ാം ഭേദഗതി ഉറപ്പുനൽകുന്ന അവകാശമാണിതെന്ന് ചീഫ് ജസ്റ്റിസ് ജോൺ റോബർട്‌സ് വിധിപ്രസ്താവത്തിൽ വ്യക്തമാക്കി. കോടതി വിധിയിലൂടെ ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങൾക്കാണ് ഇപ്പോൾ വലിയ തിരിച്ചടിയേറ്റിരിക്കുന്നത്.