അമേരിക്കൻ പാസ്‌പോർട്ടിലും ട്രംപിന്റെ ചിത്രം; 250-ാം സ്വാതന്ത്ര്യവാർഷികാഘോഷത്തിന് ഒരുങ്ങി യുഎസ്

 

അമേരിക്കൻ സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ 250-ാം വാർഷികം ആഘോഷിക്കാൻ രാജ്യം ഒരുങ്ങുമ്പോൾ, പുതിയ പരിഷ്കാരങ്ങളുമായി ട്രംപ് ഭരണകൂടം. ഇതിന്റെ ഭാഗമായി പുറത്തിറക്കുന്ന ലിമിറ്റഡ് എഡിഷൻ പാസ്‌പോർട്ടുകളിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ചിത്രം ഉൾപ്പെടുത്താൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് തീരുമാനിച്ചു. ജൂലൈയിൽ നടക്കുന്ന ആഘോഷങ്ങളുടെ ഭാഗമായാണ് ഈ നടപടി. കറൻസികളിൽ പ്രസിഡന്റിന്റെ ഒപ്പ് ഉൾപ്പെടുത്തിയതിനും സ്വർണ്ണ നാണയങ്ങൾ പുറത്തിറക്കിയതിനും പിന്നാലെയാണ് പാസ്‌പോർട്ടിലും ട്രംപ് ബ്രാൻഡിംഗ് എത്തുന്നത്.

പുതിയ പാസ്‌പോർട്ടിന്റെ ഉള്ളിലെ പേജിൽ, ചരിത്രപ്രധാനമായ 1776-ലെ സ്വാതന്ത്ര്യപ്രഖ്യാപന ഒപ്പിടൽ ചടങ്ങിന്റെ ചിത്രത്തിന് എതിർവശത്തായിട്ടായിരിക്കും ട്രംപിന്റെ ചിത്രം നൽകുക. പാസ്‌പോർട്ടിന്റെ സുരക്ഷാ മാനദണ്ഡങ്ങളിൽ മാറ്റം വരുത്താതെ തന്നെ കൂടുതൽ ആകർഷകമായ ഡിസൈനുകൾ ഇതിൽ ഉൾപ്പെടുത്തുമെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് ടോമി പിഗോട്ട് വ്യക്തമാക്കി. ഈ പ്രത്യേക പാസ്‌പോർട്ടുകൾക്കായി പൗരന്മാർ അധിക തുക നൽകേണ്ടതില്ല. ജൂലൈയിലെ ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം വിതരണം ആരംഭിക്കും.

സാമ്പത്തിക രംഗത്തും ട്രംപ് ഭരണകൂടം സമാനമായ മാറ്റങ്ങൾ കൊണ്ടുവരുന്നുണ്ട്. അമേരിക്കയുടെ പുതിയ പേപ്പർ കറൻസികളിൽ പ്രസിഡന്റ് ട്രംപിന്റെ ഒപ്പ് രേഖപ്പെടുത്തുമെന്ന് ട്രഷറി ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. അധികാരത്തിലിരിക്കുന്ന ഒരു പ്രസിഡന്റിന്റെ ഒപ്പ് കറൻസിയിൽ വരുന്നത് യുഎസ് ചരിത്രത്തിൽ ആദ്യമായാണ്. കൂടാതെ ട്രംപിന്റെ ചിത്രം പതിപ്പിച്ച പ്രത്യേക സ്വർണ്ണ നാണയങ്ങളും യുഎസ് മിന്റ് പുറത്തിറക്കും. സർക്കാർ പദ്ധതികളെയും ആസ്തികളെയും പ്രസിഡന്റിന്റെ വ്യക്തിത്വവുമായി ബന്ധിപ്പിക്കാനുള്ള ഭരണകൂടത്തിന്റെ വിപുലമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കങ്ങൾ വിലയിരുത്തപ്പെടുന്നത്.