അൽ ഐനിൽ തുരങ്കപ്പാത വരുന്നു; 29.1 കോടി ദിർഹം പദ്ധതിക്ക് തുടക്കം
അബുദാബിയിൽ അൽ ഐനിൽ റോഡ് തുരങ്ക നിർമാണ പദ്ധതിക്ക് തുടക്കമായി. നഖ്ഫ പർവതം തുരന്നാണ് അത്യാധുനിക രീതിയിലുള്ള ഈ പാത നിർമിക്കുന്നത്. അൽ സറൂജ്, വ്യവസായ മേഖല എന്നിവ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതിനും ഗതാഗത സുരക്ഷ വർദ്ധിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.2027 ജൂണോടെ പദ്ധതി പൂർത്തിയാക്കുകയാണ് ലക്ഷ്യം.29.1 കോടി ദിർഹമാണ് പദ്ധതി ചിലവ്.അബൂദബി മുൻസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട്ട് വകുപ്പാണ് പദ്ധതി നടപ്പിലാക്കുന്നത്.ഇരുവശങ്ങളിലേക്കുമായി 3.2 കിലോമീറ്റർ നീളമുള്ള പുതിയ ഇരട്ടപ്പാതയാണ് നിർമിക്കുന്നത്. നഖ്ഫ പർവതത്തിലൂടെ കടന്നുപോകുന്ന 120 മീറ്റർ നീളമുള്ള അത്യാധുനിക തുരങ്കമാണ് പദ്ധതിയുടെ പ്രധാന ആകർഷണം.
പുതിയ റോഡിനും തുരങ്കത്തിനും പുറമെ പ്രധാന ജങ്ഷനുകൾ, കനത്ത മഴവെള്ളപ്പാച്ചിൽ തടയുന്നതിനുള്ള ബോക്സ് കൽവർട്ടുകൾ, വിപുലമായ യൂട്ടിലിറ്റി സംവിധാനങ്ങൾ എന്നിവയും പദ്ധതിയിലുൾപ്പെടുന്നു. പരിസ്ഥിതി സൗഹൃദവും ആരോഗ്യകരവുമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനായി പാതയോരത്ത് 5.2 കിലോമീറ്റർ നീളത്തിൽ സൈക്ലിങ് ട്രാക്കും ആറു കിലോമീറ്റർ നീളത്തിൽ കാൽനടപ്പാതയും നിർമിക്കും. സുരക്ഷ ഉറപ്പാക്കാൻ തെരുവ് വിളക്കുകൾ, ട്രാഫിക് സിഗ്‌നലുകൾ എന്നിവയുമുണ്ടാകും. പൊതുഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനായി ആറ് ബസ് ബേകളും പാതയുടെ ഭംഗി കൂട്ടുന്നതിനും പച്ചപ്പ് നിലനിർത്തുന്നതിനുമായി ഇരുവശങ്ങളിലും അഞ്ഞൂറോളം മരങ്ങളും നട്ടുപിടിപ്പിക്കും.