കാലിഫോർണിയയിൽ വാഹനാപകടം: ഉറ്റസുഹൃത്തുക്കളായ രണ്ട് ഇന്ത്യൻ യുവതികൾക്ക് ദാരുണാന്ത്യം

 

അമേരിക്കയിലെ കാലിഫോർണിയയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ രണ്ട് ഇന്ത്യൻ യുവതികൾ കൊല്ലപ്പെട്ടു. തെലങ്കാന സ്വദേശികളായ പി. മേഘന റാണി, കെ. ഭാവന എന്നിവരാണ് മരിച്ചത്. 24 വയസ്സായിരുന്നു ഇരുവർക്കും പ്രായം. ഉന്നത പഠനത്തിന് ശേഷം ജോലി തേടിയാണ് ഇവർ അമേരിക്കയിൽ എത്തിയത്.

തെലങ്കാനയിലെ മഹബൂബാബാദ് ജില്ലയിലെ ഗർല മണ്ഡൽ സ്വദേശികളായ ഇരുവരും കുട്ടിക്കാലം മുതലേ ഉറ്റസുഹൃത്തുക്കളായിരുന്നു. ഒരുമിച്ച് പഠിക്കുകയും ഒരേ ലക്ഷ്യത്തോടെ അമേരിക്കയിലേക്ക് യാത്ര തിരിക്കുകയും ചെയ്ത ഇരുവരുടെയും മരണം കുടുംബങ്ങളെയും ജന്മനാടിനെയും ഒരുപോലെ കണ്ണീരിലാഴ്ത്തി.

അപകടത്തെക്കുറിച്ച് കാലിഫോർണിയ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇതിനാവശ്യമായ വലിയ തുക കണ്ടെത്തുന്നതിനായി 'ഗോ ഫണ്ട് മീ' (GoFundMe) വഴി സുഹൃത്തുക്കളും പ്രവാസി സംഘടനകളും ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്.