യുക്രെയ്ൻ തുറമുഖത്ത് കപ്പലിന് നേരെ ആക്രമണം: രണ്ട് ഇന്ത്യക്കാരെ കാണാതായി; എംബസി ജാഗ്രതാ നിർദേശം നൽകി

 

യുക്രെയ്നിലെ ഒഡേസ തുറമുഖത്ത് നിർത്തിയിട്ടിരുന്ന 'എംജി എജിഎൻ റാഗ്നർ' എന്ന ചരക്കുകപ്പലിന് നേരെ മിസൈൽ ആക്രമണം. സംഭവത്തിൽ കപ്പലിലുണ്ടായിരുന്ന രണ്ട് ഇന്ത്യൻ പൗരന്മാരെ കാണാതായി. ആകെ നാല് ഇന്ത്യക്കാരാണ് കപ്പലിലുണ്ടായിരുന്നത്; ഇതിൽ രണ്ടുപേർ സുരക്ഷിതരാണെന്ന് കീവിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു.

കാണാതായവർക്കായി യുക്രെയ്ൻ അധികൃതരുമായി ചേർന്ന് തിരച്ചിൽ ഊർജിതമാക്കിയതായി എംബസി അറിയിച്ചു. അടിയന്തര സഹായത്തിനായി ഹെൽപ്പ് ലൈൻ നമ്പറും (+380 93 355 9958) ഇമെയിൽ വിലാസങ്ങളും (cons.kyiv@mea.gov.in) പുറത്തുവിട്ടിട്ടുണ്ട്.

കഴിഞ്ഞ ജൂലൈ 19-നും ഒഡേസയിൽ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ നാല് ഇന്ത്യക്കാർ കൊല്ലപ്പെട്ടിരുന്നു. വാണിജ്യ കപ്പലുകൾക്ക് നേരെ വർധിച്ചുവരുന്ന ആക്രമണങ്ങളിൽ ഇന്ത്യ ആശങ്ക രേഖപ്പെടുത്തി. സംഘർഷ സാധ്യതയുള്ള മേഖലകളിൽ ജോലിക്ക് പ്രവേശിക്കുന്നതിന് മുൻപ് സുരക്ഷ കൃത്യമായി വിലയിരുത്തണമെന്നും യാത്ര വിവരങ്ങൾ കുടുംബങ്ങളെ അറിയിക്കണമെന്നും വിദേശകാര്യ മന്ത്രാലയം നാവികർക്ക് നിർദേശം നൽകി.