ദുകം സാമ്പത്തിക മേഖലയിൽ നവീകരിച്ച രണ്ട് പ്രധാന റോഡുകൾ നാളെ തുറക്കും
ഒമാനിലെ അൽ വുസ്ത ഗവർണറേറ്റിലുള്ള ദുകം പ്രത്യേക സാമ്പത്തിക മേഖലയിൽ നവീകരിച്ച രണ്ട് പ്രധാന റോഡ് പദ്ധതികൾ നാളെ ഗതാഗതത്തിനായി തുറന്നുകൊടുക്കും. സുൽത്താൻ സഈദ് ബിൻ തൈമൂർ റോഡ്, റാസ് മർക്കസ് റോഡ് എന്നിവയാണ് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ജനങ്ങൾക്കായി തുറക്കുന്നത്. സാമ്പത്തികകാര്യ മന്ത്രി ഡോ. സഈദ് മുഹമ്മദ് അൽ സഖ്രി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും. ദുകം മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയ മുന്നേറ്റമായാണ് ഈ പദ്ധതികളെ അധികൃതർ കണക്കാക്കുന്നത്.
ദുകം നഗരമധ്യത്തിലെ ഗതാഗത സൗകര്യങ്ങൾ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സുൽത്താൻ സഈദ് ബിൻ തൈമൂർ റോഡ് നവീകരിച്ചത്. ഈ പാത തുറക്കുന്നതോടെ ദുകം സിറ്റി സെന്റർ, വാണിജ്യ-വ്യവസായ മേഖലകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, ലോജിസ്റ്റിക് ഏരിയകൾ, ദുകം വിമാനത്താവളം എന്നിവ തമ്മിലുള്ള യാത്രാസൗകര്യം സുഗമമാകും. സാമ്പത്തിക മേഖലയിലെ വിവിധ കേന്ദ്രങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയായി ഈ റോഡ് മാറും.
റാസ് മർക്കസ് റോഡിന്റെ നവീകരണത്തിലൂടെ ഓയിൽ സ്റ്റോറേജ് ഏരിയയെയും പുതിയ നിക്ഷേപമേഖലകളെയും തമ്മിൽ ബന്ധിപ്പിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. ദുകം സാമ്പത്തിക മേഖലയിലെ ഗതാഗത ശൃംഖല കൂടുതൽ കരുത്തുറ്റതാക്കാൻ ഈ രണ്ട് പാതകളുടെയും നവീകരണം സഹായിക്കും. വിദേശ നിക്ഷേപകർക്കും വ്യവസായ സംരംഭകർക്കും ഈ പുതിയ റോഡ് ശൃംഖല വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.