ജിദ്ദയിൽ പുതിയ രണ്ട് ബസ് സർവീസുകൾ കൂടി; ഷവ്വാൽ രണ്ട് മുതൽ സർവീസ് ആരംഭിക്കും
നഗരത്തിലെ പൊതുഗതാഗത ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി ജിദ്ദ ട്രാൻസ്‌പോർട്ട് കമ്പനി പുതിയ രണ്ട് ബസ് റൂട്ടുകൾ കൂടി പ്രഖ്യാപിച്ചു. ഈദ് അൽ ഫിത്വറിന്റെ (ചെറിയ പെരുന്നാൾ) രണ്ടാം ദിനം മുതൽ റൂട്ട് 15, റൂട്ട് 16 എന്നിവ പ്രവർത്തനക്ഷമമാകും. പുതിയ റൂട്ടുകൾ കൂടി വരുന്നതോടെ യാത്രക്കാർക്ക് കൂടുതൽ സുഗമമായ യാത്ര ഉറപ്പാക്കാൻ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ദിവസവും വൈകുന്നേരം 4:00 മുതൽ രാത്രി 11:00 വരെയായിരിക്കും ഈ റൂട്ടുകളിൽ ബസുകൾ സർവീസ് നടത്തുക. എന്നാൽ തിരക്കേറിയ വ്യാഴം, വെള്ളി ദിവസങ്ങളിൽ പുലർച്ചെ രണ്ട് മണി വരെ സർവീസുണ്ടാകും. പ്രിൻസ് സുൽത്താൻ റോഡിലൂടെയാണ് റൂട്ട് 15 കടന്നുപോകുന്നത്. കോർണിഷിനെയും പ്രിൻസ് ഫൈസൽ ബിൻ ഹമദ് റോഡിനെയും ബന്ധിപ്പിക്കുന്നതാണ് റൂട്ട് 16.
ഓരോ റൂട്ടിലും ദിവസേന 35 ട്രിപ്പുകൾ വീതം സർവീസ് നടത്താനാണ് ലക്ഷ്യമിടുന്നത്. ഓരോ 45 മിനിറ്റിലും ബസുകൾ ലഭ്യമാകും. പുതിയ റൂട്ടുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും മറ്റ് സർവീസുകളെക്കുറിച്ച് മനസ്സിലാക്കാനും 'ജിദ്ദ ബസ്' (Jeddah Bus) മൊബൈൽ ആപ്ലിക്കേഷൻ സന്ദർശിക്കണമെന്ന് ട്രാൻസ്‌പോർട്ട് അതോറിറ്റി നിർദ്ദേശിച്ചു. പെരുന്നാൾ തിരക്ക് കണക്കിലെടുത്ത് യാത്രക്കാർക്ക് ഈ പുതിയ സേവനം വലിയ ആശ്വാസമാകും.