കുവൈത്തിൽ രണ്ടിടങ്ങളിൽ ദാരുണ അപകടങ്ങൾ; രണ്ടു പ്രവാസികൾ മരിച്ചു, ഇന്ത്യക്കാരന് ഗുരുതര പരിക്ക്

 

കുവൈത്തിലെ അൽ-ഖുസൂർ, സെവന്ത് റിംഗ് റോഡ് എന്നിവിടങ്ങളിലുണ്ടായ രണ്ട് വ്യത്യസ്ത അപകടങ്ങളിൽ രണ്ട് ഏഷ്യൻ പ്രവാസികൾ മരിച്ചു. സംഭവങ്ങളിൽ സുരക്ഷാ വിഭാഗം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അൽ-ഖുസൂറിൽ നിർമ്മാണ സ്ഥലത്ത് ജോലി ചെയ്യുന്നതിനിടെ ഉയരത്തിൽ നിന്ന് വീണാണ് ഈജിപ്ഷ്യൻ സ്വദേശിയായ തൊഴിലാളി മരണപ്പെട്ടത്. സംഭവത്തിൽ സുരക്ഷാ വീഴ്ചയോ അശ്രദ്ധയോ ഉണ്ടോയെന്ന് കണ്ടെത്താൻ ഫോറൻസിക് സംഘവും പൊലീസും അന്വേഷണം നടത്തിവരികയാണ്.

ഫിന്റാസ് ഭാഗത്തേക്ക് പോവുകയായിരുന്ന സെവന്ത് റിംഗ് റോഡിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് നേപ്പാൾ സ്വദേശി മരിക്കുകയും ഇന്ത്യൻ പ്രവാസിക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തത്. നേപ്പാൾ സ്വദേശി ഓടിച്ചിരുന്ന ട്രക്കും ഈജിപ്ഷ്യൻ പൗരൻ ഓടിച്ചിരുന്ന മിനിബസ്സും മറ്റൊരു വാഹനവുമാണ് അപകടത്തിൽപ്പെട്ടത്.