പാൽ തൊണ്ടയിൽ കുടുങ്ങിയല്ല, ആലപ്പുഴയിൽ രണ്ടുവയസുകാരൻ മരിച്ചത് പോഷകാഹാരക്കുറവ് മൂലം; പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്
ആലപ്പുഴ കാർത്തികപ്പള്ളിയിൽ രണ്ടുവയസുകാരന്റെ മരണം പോഷകാഹാരക്കുറവ് മൂലമാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കണ്ടെത്തൽ. കുഞ്ഞിന് മതിയായ തൂക്കമുണ്ടായിരുന്നില്ലെന്നും 12 കിലോ ഉണ്ടാകേണ്ട സ്ഥാനത്ത് 7 കിലോ തൂക്കം മാത്രമാണ് ഉണ്ടായിരുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കൂടാതെ കുട്ടിക്ക് ഗുരുതരമായ രക്തക്കുറവും മതിയായ പരിചരണവും ലഭിച്ചിരുന്നില്ലെന്നും പോസ്റ്റുമോർട്ടത്തിൽ തെളിഞ്ഞു.
കാർത്തികപ്പള്ളി മഹാദേവികാട് താമസിക്കുന്ന രാജേഷ് - താര ദമ്പതികളുടെ രണ്ടാം വയസ്സിൽ മരിച്ച രാഹുലിന്റെ മരണത്തിലാണ് നിർണായക വിവരങ്ങൾ പുറത്തുവന്നത്. പാൽ തൊണ്ടയിൽ കുടുങ്ങിയാണ് കുഞ്ഞ് മരിച്ചതെന്നായിരുന്നു പിതാവ് രാജേഷ് ആദ്യം അവകാശപ്പെട്ടിരുന്നത്. എന്നാൽ മരണത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ രംഗത്തെത്തിയതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലും പോസ്റ്റുമോർട്ടത്തിലുമാണ് യഥാർത്ഥ കാരണം പുറത്തുവന്നത്. ദമ്പതികളുടെ മറ്റൊരു കുഞ്ഞ് ഏതാനും നാളുകൾക്ക് മുമ്പ് മരണപ്പെട്ടിരുന്നു. നിലവിൽ മറ്റ് നാല് കുഞ്ഞുങ്ങൾ കൂടിയുള്ള ഈ കുടുംബം കുട്ടികളെ അവഗണിക്കുന്നതായി നാട്ടുകാർ പരാതിപ്പെട്ടിരുന്നു.
ഇതുമായി ബന്ധപ്പെട്ട് ജനപ്രതിനിധികൾ ഇടപെട്ട് ദമ്പതികളെയും കുഞ്ഞുങ്ങളെയും പത്തനാപുരത്തെ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റിയിരുന്നുവെങ്കിലും, അവിടെനിന്ന് സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങി വീണ്ടും വാടകവീട്ടിൽ താമസം തുടങ്ങുകയായിരുന്നു. ഇതിനിടയിലാണ് ഈ ദാരുണ സംഭവം നടക്കുന്നത്. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.