ഗാസ്സയിലേക്ക് വീണ്ടും യു.എ.ഇയുടെ ദുരിതാശ്വാസ സഹായം; 259 ടൺ ഭക്ഷ്യവസ്തുക്കളുമായി 20 ട്രക്കുകൾ പ്രവേശിച്ചു
യു.എ.ഇയുടെ രണ്ടാഴ്ചത്തെ പ്രത്യേക ദുരിതാശ്വാസ ദൗത്യത്തിന്റെ ഭാഗമായി 259 ടൺ ഭക്ഷ്യവസ്തുക്കളുമായി രണ്ടു വാഹനവ്യൂഹങ്ങൾ ഗാസ്സ മുനമ്പിൽ പ്രവേശിച്ചു. ആകെ 20 ട്രക്കുകളിലായിട്ടാണ് അടിയന്തര ഭക്ഷ്യവസ്തുക്കൾ എത്തിയത്. ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതയ്ക്ക് അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കാനും ജീവൽപ്രധാനമായ ആവശ്യങ്ങൾ നിറവേറ്റാനുമുള്ള യു.എ.ഇയുടെ ‘ഓപറേഷൻ ഷിവാൽറസ് നൈറ്റ് 3’ പദ്ധതിയുടെ ഭാഗമായാണ് ഈ സഹായം കൈമാറിയത്.
പദ്ധതി ആരംഭിച്ചതിനുശേഷം ഇതുവരെ 14,519 ട്രക്കുകളിലായി 1,37,241 ടൺ മാനുഷിക സഹായ സാമഗ്രികളാണ് ഫലസ്തീൻ ജനതയ്ക്കായി യു.എ.ഇ എത്തിച്ചുനൽകിയത്. ഈജിപ്തിലെ അൽ അരീഷ് നഗരത്തിലുള്ള യു.എ.ഇ ഹ്യുമാനിറ്റേറിയൻ എയ്ഡ് ലോജിസ്റ്റിക്സ് സെന്റർ കേന്ദ്രീകരിച്ചാണ് സഹായ സാമഗ്രികൾ തരംതിരിച്ച് ഗാസ്സയിലേക്ക് അയക്കുന്നത്. വരും ദിവസങ്ങളിലും കൂടുതൽ ദുരിതാശ്വാസ വാഹനവ്യൂഹങ്ങൾ ഗാസ്സയിലേക്ക് പുറപ്പെടുമെന്ന് അധികൃതർ വ്യക്തമാക്കി.