യു.എ.ഇയിലെ സ്‌കൂളുകളിൽ ചിത്രങ്ങളും വീഡിയോകളും ചിത്രീകരിക്കുന്നതിന് വിലക്ക്

 

യു.എ.ഇയിലെ സ്‌കൂൾ വളപ്പിൽവെച്ച് രക്ഷിതാക്കളും സന്ദർശകരും ചിത്രങ്ങളും വീഡിയോകളും പകർത്തുന്നതിനും അവ സോഷ്യൽ മീഡിയയിലോ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലോ പങ്കുവെക്കുന്നതിനും കർശന നിരോധനം ഏർപ്പെടുത്തി. വിദ്യാർഥികളുടെ സ്വകാര്യതയും സുരക്ഷയും മുൻനിർത്തി ദുബൈയിലെയും ഷാർജയിലെയും പ്രമുഖ സ്‌കൂളുകൾ ഇതുസംബന്ധിച്ച് രക്ഷിതാക്കൾക്ക് സർക്കുലറുകൾ അയച്ചു. ക്ലാസ് മുറികൾ, കോറിഡോറുകൾ, കളിസ്ഥലങ്ങൾ എന്നിവടങ്ങളിലെല്ലാം നിരോധനം ബാധകമാണ്.

മറ്റു കുട്ടികൾ ഉൾപ്പെട്ട ചിത്രങ്ങളോ വീഡിയോകളോ ഇതിനകം പങ്കുവെച്ചിട്ടുണ്ടെങ്കിൽ അവ ഉടൻ നീക്കം ചെയ്യണമെന്ന് സ്‌കൂൾ മാനേജ്‌മെന്റുകൾ ആവശ്യപ്പെട്ടു. സ്‌കൂളുകൾ ഔദ്യോഗികമായി സംഘടിപ്പിക്കുന്ന പരിപാടികളിൽ സ്വന്തം കുട്ടികളുടെ ചിത്രങ്ങൾ മാത്രം പകർത്താൻ ഇളവുണ്ട്. എന്നാൽ മറ്റു ഫോട്ടോകളും വീഡിയോകളും മുൻകൂട്ടിയുള്ള അനുമതിയോടും കൃത്യമായ മാനദണ്ഡങ്ങളോടും കൂടെ മാത്രമേ ചിത്രീകരിക്കാൻ അനുവദിക്കൂ എന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.