സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്ന് യു.എ.ഇ; അടിയന്തര അന്താരാഷ്ട്ര ഇടപെടൽ വേണമെന്ന് ആവശ്യം
സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതി വരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക് തടയാനുമായി നിലവിലുള്ള ആയുധ ഉപരോധം രാജ്യമൊട്ടുക്കും വ്യാപിപ്പിക്കണമെന്ന് യു.എ.ഇ ആവശ്യപ്പെട്ടു. സുഡാനിലെ ഉപരോധങ്ങളുടെ കാലാവധി ഒക്ടോബർ ഒൻപത് വരെ നീട്ടാൻ യു.എൻ സുരക്ഷാ കൗൺസിൽ തീരുമാനിച്ചതിന് പിന്നാലെയാണ് യു.എൻ മിഷൻ വഴി യു.എ.ഇ പ്രസ്താവനയിറക്കിയത്.
നിലവിൽ ദാർഫർ മേഖലയിൽ മാത്രമുള്ള ആയുധ ഉപരോധം രാജ്യത്തെ മുഴുവൻ പ്രദേശങ്ങളിലേക്കും, യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ വിഭാഗങ്ങൾക്കും അവർക്ക് ആയുധമെത്തിക്കുന്ന ശൃംഖലകൾക്കും ബാധകമാക്കണമെന്ന് യു.എ.ഇ വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും രൂക്ഷമായ മാനുഷിക പ്രതിസന്ധികളിലൊന്നിലൂടെയാണ് സുഡാൻ കടന്നുപോകുന്നത്. പോരാട്ടം അവസാനിപ്പിക്കാൻ യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന ഇരുവിഭാഗങ്ങൾക്കും മേൽ സമ്മർദ്ദം ചെലുത്താനും തടസ്സമില്ലാത്ത മാനുഷിക സഹായം ഉറപ്പാക്കാനും അന്താരാഷ്ട്ര ഇടപെടൽ അനിവാര്യമാണ്.
ക്വാഡ്, ക്വിന്ററ്റ് തുടങ്ങിയ അന്താരാഷ്ട്ര, പ്രാദേശിക പങ്കാളികളുമായി സഹകരിച്ച് രാഷ്ട്രീയ പരിഹാരത്തിനായുള്ള ശ്രമങ്ങൾക്ക് പിന്തുണ നൽകുമെന്നും യു.എ.ഇ അറിയിച്ചു. സുഡാനിലെ പ്രതിസന്ധിക്ക് സൈനിക പരിഹാരമല്ല വേണ്ടതെന്നും തീവ്രവാദ ഗ്രൂപ്പുകളുടെ സ്വാധീനമില്ലാത്ത, സ്വതന്ത്രവും സിവിലിയൻ നേതൃത്വത്തിലുള്ളതുമായ ഭരണസംവിധാനമാണ് വേണ്ടതെന്നും യു.എ.ഇ കൂട്ടിച്ചേർത്തു.