സൗദിക്കെതിരായ ഹൂതി ആക്രമണങ്ങളെ അപലപിച്ച് യുഎഇ
സൗദി അറേബ്യക്കെതിരായ ഹൂതി ആക്രമണങ്ങളെ അപലപിച്ച് യുഎഇ. സൗദിയിലെ അബ്ഹ, ഖമീസ് മുഷൈത്, ജീസാൻ, നജ്‌റാൻ നഗരങ്ങളിലെ സിവിലിയൻ, സാമ്പത്തിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി നടത്തിയ ആക്രമണങ്ങളെയാണ് യുഎഇ വിദേശകാര്യ മന്ത്രാലയം അപലപിച്ചത്. ആക്രമണങ്ങളിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി സാധാരണക്കാർക്ക് പരിക്കേറ്റതായി മന്ത്രാലയം ചൂണ്ടിക്കാട്ടി.
ചെങ്കടലിലെ വാണിജ്യ കപ്പലുകൾക്കെതിരായ തുടർച്ചയായ ആക്രമണങ്ങളെയും യുഎഇ അപലപിച്ചു. സമുദ്രഗതാഗത സുരക്ഷയ്ക്ക് നേരെയുള്ള ഭീഷണികളെയും ശക്തമായി എതിർത്തു.ഹൂതി ആക്രമണങ്ങൾ സൗദി അറേബ്യയുടെ പരമാധികാരത്തിന്റെ ഗുരുതരമായ ലംഘനവും രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും നേരെയുള്ള നേരിട്ടുള്ള ഭീഷണിയുമാണെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
സൗദി അറേബ്യയോട് പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ച യുഎഇ, രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനായി സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പിന്തുണ നൽകുമെന്നും പ്രസ്താവനയിൽ അറിയിച്ചു.