മഴയത്തെ നിയമലംഘനം: യുഎഇയിൽ 2000 ദിർഹം വരെ പിഴയും ലൈസൻസ് റദ്ദാക്കലും
യുഎഇയിൽ നിലനിൽക്കുന്ന അസ്ഥിരമായ കാലാവസ്ഥാ സാഹചര്യങ്ങളിൽ പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കർശന മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം. മഴയത്തും വാദികളിലും ഉണ്ടാകുന്ന നിയമലംഘനങ്ങൾക്ക് കനത്ത പിഴയും ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികളും ഉണ്ടാകുമെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു. അപകടസാധ്യതയുള്ള മേഖലകളിൽ നിന്ന് വിട്ടുനിൽക്കാനും അധികൃതരുടെ നിർദ്ദേശങ്ങൾ പാലിക്കാനും മന്ത്രാലയം ജനങ്ങളോട് അഭ്യർത്ഥിച്ചു.
മഴ സമയത്ത് വാദികൾ, അണക്കെട്ടുകൾ, പ്രളയസാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിൽ കൂട്ടംകൂടി നിൽക്കുന്നത് നിയമലംഘനമാണ്. ഇത്തരത്തിൽ സുരക്ഷാ മുന്നറിയിപ്പുകൾ അവഗണിച്ച് ഒത്തുകൂടുന്നവർക്ക് 1000 ദിർഹം പിഴയും 6 ട്രാഫിക് പോയിന്റുകളും ലഭിക്കും. പ്രകൃതിക്ഷോഭങ്ങൾ കാണാൻ എത്തുന്നവർ അപകടങ്ങളിൽ പെടുന്നത് ഒഴിവാക്കാനാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
അപകടസാധ്യത കണക്കിലെടുക്കാതെ വാദികൾക്ക് ഉള്ളിലേക്ക് വാഹനം ഓടിച്ചു കയറ്റുന്നവർക്ക് 2000 ദിർഹം പിഴയും 23 ട്രാഫിക് പോയിന്റുകളും ശിക്ഷയായി ലഭിക്കും. ഇതിന് പുറമെ വാഹനം കണ്ടുകെട്ടുകയും (Impoundment) ഡ്രൈവിംഗ് ലൈസൻസ് 60 ദിവസത്തേക്ക് റദ്ദാക്കുകയും ചെയ്യും. വെള്ളത്തിന്റെ ഒഴുക്ക് എത്ര കുറവാണെങ്കിലും വാദികളിൽ ഇറങ്ങുന്നത് ഗുരുതരമായ കുറ്റകൃത്യമായിട്ടാണ് കണക്കാക്കുന്നത്.
കൂടാതെ, മഴവെള്ളക്കെട്ട്, പ്രളയം, മറ്റ് അടിയന്തര സാഹചര്യങ്ങൾ എന്നിവയുണ്ടാകുമ്പോൾ ഗതാഗത നിയന്ത്രണം, ആംബുലൻസ് സർവീസ്, രക്ഷാപ്രവർത്തനം എന്നിവ തടസ്സപ്പെടുത്തുന്ന രീതിയിൽ പെരുമാറുന്നവർക്കും ശിക്ഷയുണ്ട്. ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുന്നവർക്ക് 1000 ദിർഹം പിഴയും 4 ട്രാഫിക് പോയിന്റുകളും ലഭിക്കും. ഇത്തരം സന്ദർഭങ്ങളിൽ വാഹനം കണ്ടുകെട്ടുന്നതിനൊപ്പം 60 ദിവസത്തേക്ക് ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കുകയും ചെയ്യും. സ്വന്തം സുരക്ഷയ്ക്കും സമൂഹത്തിന്റെ സുരക്ഷയ്ക്കും വേണ്ടി നിയമങ്ങൾ പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്ന് മന്ത്രാലയം വ്യക്തമാക്കി.