വ്യോമപ്രതിരോധ ശേഷി വ്യക്തമാക്കി യുഎഇ പ്രതിരോധ മന്ത്രാലയം: വിഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടു

 

മിസൈൽ ഭീഷണി വിജയകരമായി പ്രതിരോധിച്ചതിന് പിന്നാലെ യുഎഇ വ്യോമസേനയുടെയും വ്യോമപ്രതിരോധ സംവിധാനങ്ങളുടെയും സജ്ജത വ്യക്തമാക്കുന്ന പുതിയ വിഡിയോ ദൃശ്യങ്ങൾ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടു. രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാകുന്ന ഏത് നീക്കത്തെയും കടുത്ത നിശ്ചയദാർഢ്യത്തോടെ നേരിടാൻ സജ്ജമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.


ഇറാനിൽ നിന്ന് യുഎഇയെ ലക്ഷ്യമാക്കി തൊടുത്ത രണ്ട് ബാലിസ്റ്റിക് മിസൈലുകൾ വിജയകരമായി പ്രതിരോധിച്ചതിന് പിന്നാലെയാണ് സേനയുടെ പ്രവർത്തന മികവ് കാണിക്കുന്ന ദൃശ്യങ്ങൾ പങ്കുവെച്ചത്. ഇതിൽ ആദ്യ മിസൈൽ യുഎഇ സമുദ്ര അതിർത്തിക്ക് പുറത്തും രണ്ടാമത്തേത് അതിർത്തിക്കുള്ളിലുമാണ് പതിച്ചതെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു.

ചൊവ്വാഴ്ച വൈകുന്നേരം 6.52-നാണ് മിസൈൽ ഭീഷണിയെ തുടർന്ന് രാജ്യത്തെ നിവാസികളുടെ മൊബൈൽ ഫോണുകളിൽ അടിയന്തര ജാഗ്രതാ നിർദ്ദേശം എത്തിയത്. സന്ദേശം ലഭിച്ച ഉടൻ തന്നെ എല്ലാവരും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിയിരുന്നു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും അധികൃതർ അറിയിച്ചു.