യു.എ.ഇ ദേശീയ ദിനം; ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് തുടർച്ചയായി അഞ്ച് ദിവസം അവധി
യു.എ.ഇ ദേശീയ ദിനത്തോടനുബന്ധിച്ച് (ഈദ് അൽ ഇത്തിഹാദ്) ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് തുടർച്ചയായി അഞ്ച് ദിവസത്തെ അവധി ലഭിക്കും. ഡിസംബർ രണ്ട് (ബുധൻ), ഡിസംബർ മൂന്ന് (വ്യാഴം) എന്നീ ദിവസങ്ങളിലാണ് ഔദ്യോഗിക അവധി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ഷാർജ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
അവധി ക്രമീകരണം ഇങ്ങനെ
ഷാർജയിൽ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ നിലവിലുള്ള മൂന്ന് ദിവസത്തെ വാരാന്ത്യ അവധി കൂടി ചേരുന്നതോടെയാണ് ജീവനക്കാർക്ക് ഡിസംബർ രണ്ട് മുതൽ ആറ് വരെ തുടർച്ചയായി അഞ്ച് ദിവസത്തെ അവധി ലഭിക്കുന്നത്. നീണ്ട അവധിക്ക് ശേഷം ഡിസംബർ ഏഴ് തിങ്കളാഴ്ച മുതൽ സർക്കാർ ഓഫീസുകളുടെ പ്രവർത്തനം സാധാരണ നിലയിൽ പുനരാരംഭിക്കും. അതേസമയം, ഷിഫ്റ്റ് അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന അത്യാവശ്യ സർക്കാർ സ്ഥാപനങ്ങൾക്ക് ഈ അവധി ബാധകമായിരിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.
ദുബായിലും ഫെഡറൽ മേഖലയിലും അഞ്ച് ദിവസം അവധി
നേരത്തെ ദുബായ് സർക്കാർ ഹ്യൂമൻ റിസോഴ്സസ് ഡിപ്പാർട്ട്മെന്റും ജീവനക്കാർക്ക് അഞ്ച് ദിവസത്തെ അവധി പ്രഖ്യാപിച്ചിരുന്നു. ശനി, ഞായർ വാരാന്ത്യ അവധിയുള്ള ദുബായിൽ ഡിസംബർ രണ്ട്, മൂന്ന് തീയതികൾക്ക് പുറമെ ഡിസംബർ നാല് വെള്ളിയാഴ്ച കൂടി ഔദ്യോഗിക അവധിയായി നൽകിയാണ് അഞ്ച് ദിവസം ക്രമീകരിച്ചിരിക്കുന്നത്. ഫെഡറൽ സർക്കാർ ജീവനക്കാർക്കും ഡിസംബർ രണ്ട് മുതൽ നാല് വരെ അവധി നൽകിയതോടെ വാരാന്ത്യ അവധികൾ ഉൾപ്പെടെ അഞ്ച് ദിവസത്തെ വിശ്രമം ലഭിക്കും.