യുഎഇ ദേശീയ ദിനം; സർക്കാർ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ നീണ്ട അവധി

 

യുഎഇയുടെ 55-ാം ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ച് ദുബായിലെ സർക്കാർ ജീവനക്കാർക്കുള്ള അവധി പ്രഖ്യാപിച്ചു. പൊതുമേഖലാ ജീവനക്കാർക്ക് ഡിസംബർ 2 ബുധനാഴ്ച മുതൽ ഡിസംബർ 4 വെള്ളിയാഴ്ച വരെ മൂന്ന് ദിവസത്തെ അവധിയായിരിക്കും ലഭിക്കുക. ശനി, ഞായർ വാരാന്ത്യ അവധികൾ കൂടി ചേരുമ്പോൾ ജീവനക്കാർക്ക് ആകെ അഞ്ച് ദിവസത്തെ നീണ്ട അവധി ലഭിക്കും. അവധിക്ക് ശേഷം ഡിസംബർ 7 തിങ്കളാഴ്ച ഔദ്യോഗിക പ്രവൃത്തിസമയം പുനരാരംഭിക്കുമെന്ന് ദുബായ് ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സ് ഡിപ്പാർട്ട്‌മെന്റ് (DGHR) വ്യക്തമാക്കി.

നേരത്തെ നവംബറിൽ, യുഎഇ മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) ഫെഡറൽ സർക്കാർ ജീവനക്കാർക്ക് ഡിസംബർ 2, 3, 4 (ബുധൻ, വ്യാഴം, വെള്ളി) തീയതികളിൽ അവധി പ്രഖ്യാപിച്ചിരുന്നു. മന്ത്രാലയങ്ങളും ഫെഡറൽ സ്ഥാപനങ്ങളും ഡിസംബർ 7 തിങ്കളാഴ്ചയാണ് വീണ്ടും തുറന്നു പ്രവർത്തിക്കുക. ഇതോടെ വാരാന്ത്യ അവധികൾ ഉൾപ്പെടെ ഈദ് അൽ ഇത്തിഹാദിന് അഞ്ച് ദിവസത്തെ അവധി ലഭിക്കും. അതേസമയം, സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ഡിസംബർ 2, 3 തീയതികളിൽ രണ്ട് ദിവസത്തെ അവധിയായിരിക്കും ലഭിക്കുക.

1971-ൽ ഏഴ് എമിറേറ്റുകൾ ഒന്നിച്ച് യുഎഇ രൂപീകരിച്ചതിന്റെ ഓർമ്മ പുതുക്കിക്കൊണ്ട് എല്ലാ വർഷവും ഡിസംബർ 2, 3 തീയതികളിലാണ് 'ഈദ് അൽ ഇത്തിഹാദ്' എന്നറിയപ്പെടുന്ന ദേശീയ ദിനം ആഘോഷിക്കുന്നത്. രാജ്യത്തിന്റെ ഐക്യവും പൈതൃകവും വളർച്ചയും ആഘോഷിക്കുന്ന വേളയിൽ സ്വദേശികളും പ്രവാസികളും ഒരുപോലെ പങ്കുചേരുന്നു. കഴിഞ്ഞ 55 വർഷമായി രാജ്യത്തിന്റെ വളർച്ചയ്ക്ക് കരുത്തുപകർന്ന കുടുംബങ്ങൾ, തലമുറകൾ, സമൂഹങ്ങൾ എന്നിവയെ കേന്ദ്രീകരിച്ചായിരിക്കും ഈ വർഷത്തെ ആഘോഷങ്ങൾ. 2026 'കുടുംബ വർഷമായി' (Year of the Family) ആചരിക്കുന്ന യുഎഇ, എമിറേറ്റുകളിലുടനീളമുള്ള ജനങ്ങളെ ഒന്നിപ്പിക്കുന്ന മൂല്യങ്ങൾക്കും പാരമ്പര്യങ്ങൾക്കും കുടുംബബന്ധങ്ങളുടെ ദൃഢതയ്ക്കും വലിയ പ്രാധാന്യമാണ് നൽകുന്നത്.