യു.എ.ഇ പ്രസിഡന്റും ജോർഡൻ രാജാവും കൂടിക്കാഴ്ച നടത്തി; മേഖലയിലെ സുരക്ഷാ സാഹചര്യം ചർച്ചയായി
യു.എ.ഇ സന്ദർശനത്തിനെത്തിയ ജോർഡൻ രാജാവ് അബ്ദുല്ല രണ്ടാമൻ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാനുമായി കൂടിക്കാഴ്ച നടത്തി. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. വരാനിരിക്കുന്ന ചെറിയ പെരുന്നാൾ പ്രമാണിച്ച് നേതാക്കൾ പരസ്പരം ഈദ് ആശംസകൾ കൈമാറുകയും ഇരു രാജ്യങ്ങളുടെയും പുരോഗതിക്കായി പ്രാർത്ഥിക്കുകയും ചെയ്തു.
മേഖലയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയും സുരക്ഷാ വെല്ലുവിളികളുമാണ് കൂടിക്കാഴ്ചയിലെ പ്രധാന ചർച്ചാവിഷയമായത്. അയൽരാജ്യങ്ങളെ ലക്ഷ്യം വെച്ചുള്ള ഇറാന്റെ തുടർച്ചയായ ആക്രമണങ്ങളെയും അതിന്റെ സുരക്ഷാ പ്രത്യാഘാതങ്ങളെയും നേതാക്കൾ വിലയിരുത്തി. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ യു.എ.ഇ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും ജോർഡൻ രാജാവ് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. അതോടൊപ്പം തന്നെ ജോർഡന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും യു.എ.ഇ ഐക്യദാർഢ്യം അറിയിക്കുകയും ചെയ്തു.
മേഖലയിലെ സമാധാനം പുനഃസ്ഥാപിക്കാൻ സൈനിക നടപടികൾ അടിയന്തരമായി അവസാനിപ്പിക്കണമെന്നും നയതന്ത്ര ചർച്ചകൾക്ക് മുൻഗണന നൽകണമെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു. യു.എ.ഇയിലെയും ജോർഡനിലെയും നിരവധി ഉന്നത ഉദ്യോഗസ്ഥരും ചർച്ചകളിൽ സന്നിഹിതരായിരുന്നു. പശ്ചിമേഷ്യയിൽ സമാധാനം ഉറപ്പാക്കാൻ അറബ് രാജ്യങ്ങളുടെ ഐക്യം അനിവാര്യമാണെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പിൽ വ്യക്തമാക്കി.