ഫ്രഞ്ച് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി യുഎഇ പ്രസിഡന്റ്; ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താൻ തീരുമാനം

 

യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാനും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും തമ്മിൽ കൂടിക്കാഴ്ച നടത്തി. ഫ്രാൻസിലെ എവിയൻ-ലെ-ബെയ്ൻസിൽ നടക്കുന്ന ജി7 ഉച്ചകോടിയുടെ പശ്ചാത്തലത്തിലായിരുന്നു ഇരു നേതാക്കളുടെയും കൂടിക്കാഴ്ച.

യുഎഇയും ഫ്രാൻസും തമ്മിലുള്ള ദീർഘകാല നയതന്ത്ര പങ്കാളിത്തം വിലയിരുത്തിയ നേതാക്കൾ, നിക്ഷേപം, സാങ്കേതികവിദ്യ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഊർജ്ജം, സംസ്‌കാരം എന്നീ മേഖലകളിൽ സഹകരണം കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്തു. മധ്യപൂർവേഷ്യയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ ഉൾപ്പെടെ ഇരുരാജ്യങ്ങൾക്കും പൊതുവായ താൽപര്യമുള്ള അന്താരാഷ്ട്ര വിഷയങ്ങളും കൂടിക്കാഴ്ചയിൽ ആശയവിനിമയം നടത്തി.

ജി7 ഉച്ചകോടിയിലേക്ക് ക്ഷണിച്ചതിനും തനിക്ക് ലഭിച്ച ഊഷ്മളമായ സ്വീകരണത്തിനും ഫ്രഞ്ച് പ്രസിഡന്റിന് ശൈഖ് മുഹമ്മദ് ബിൻ സായിദ് നന്ദി അറിയിച്ചു. ലോകമെമ്പാടുമുള്ള ജനങ്ങളുടെ പുരോഗതിക്കും വികസനത്തിനും പിന്തുണ നൽകുന്ന തീരുമാനങ്ങളുമായി ഉച്ചകോടി വിജയകരമാകട്ടെ എന്ന് അദ്ദേഹം ആശംസിക്കുകയും ചെയ്തു.