ഹാന്റവൈറസ് നേരിടാൻ യുഎഇ സജ്ജം; നിരീക്ഷണവും മുൻകരുതലും ശക്തമാക്കി ആരോഗ്യ മന്ത്രാലയം

 

ചില വിദേശ രാജ്യങ്ങളിൽ ഹാന്റവൈറസ് റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ, ഏത് സാഹചര്യത്തെയും നേരിടാൻ രാജ്യം പൂർണ്ണ സജ്ജമാണെന്ന് യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയവും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും (NCEMA) അറിയിച്ചു. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായി കർശനമായ മുൻകരുതൽ നടപടികളും നിരീക്ഷണ സംവിധാനങ്ങളും രാജ്യത്തുടനീളം ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രതിരോധ പ്രവർത്തനങ്ങൾ സജീവമാണെന്നും അധികൃതർ വ്യക്തമാക്കി.

എലി വർഗത്തിൽപ്പെട്ട ജീവികളിൽ നിന്നും അവയുടെ അവശിഷ്ടങ്ങളിൽ നിന്നുമാണ് പ്രധാനമായും ഈ വൈറസ് പകരുന്നത്. എന്നാൽ, ഇത് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നത് വളരെ അപൂർവ്വമാണെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സ്പെയിനിലെ കാനറി ദ്വീപുകൾക്ക് സമീപമുള്ള ഒരു ലക്ഷ്വറി ക്രൂയിസ് കപ്പലിലാണ് നിലവിൽ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം ബാധിച്ച് മൂന്ന് പേർ മരിക്കുകയും ഒൻപത് പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തതായി ലോകാരോഗ്യ സംഘടന അറിയിച്ചിട്ടുണ്ട്.

വിദേശ രാജ്യങ്ങളിൽ രോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ വിമാനത്താവളങ്ങളിലും മറ്റ് പ്രവേശന കവാടങ്ങളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. വൈറസ് ബാധ തടയുന്നതിനും രോഗലക്ഷണങ്ങൾ കണ്ടെത്തിയാൽ ഉടനടി ചികിത്സ ഉറപ്പാക്കുന്നതിനും ആവശ്യമായ എല്ലാ മെഡിക്കൽ സൗകര്യങ്ങളും യുഎഇയിൽ സജ്ജമാണ്. പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഔദ്യോഗിക അറിയിപ്പുകൾ മാത്രം ശ്രദ്ധിക്കണമെന്നും മന്ത്രാലയം നിർദ്ദേശിച്ചു.