വിമാനത്താവള ആക്രമണത്തിൽ പങ്കുണ്ടെന്ന സുഡാന്റെ ആരോപണം തള്ളി യുഎഇ
സുഡാനിലെ ഖാർത്തൂം രാജ്യാന്തര വിമാനത്താവളത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ പങ്കുണ്ടെന്ന സുഡാന്റെ ആരോപണം യുഎഇ ശക്തമായി നിഷേധിച്ചു. യുഎഇ ഡ്രോണുകൾ ആക്രമണത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന വാദം അടിസ്ഥാനരഹിതമാണെന്നും ഇത് ബോധപൂർവമായ കുപ്രചാരണങ്ങളുടെ ഭാഗമാണെന്നും യുഎഇ ഔദ്യോഗിക വക്താവ് വ്യക്തമാക്കി. പോർട്ട് സുഡാൻ അതോറിറ്റിയിൽ (PSA) നിന്ന് ഇത്തരം വ്യാജ ആരോപണങ്ങൾ വർധിച്ചുവരുന്നത് രാജ്യം ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമാധാനം പുനഃസ്ഥാപിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ ഇത്തരം പ്രസ്താവനകൾ തകർക്കുമെന്ന് യുഎഇ ചൂണ്ടിക്കാട്ടി. സ്വന്തം വീഴ്ചകൾ മറച്ചുവയ്ക്കാനും ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാനുമുള്ള പോർട്ട് സുഡാൻ അതോറിറ്റിയുടെ നീക്കമാണിതെന്നും യുഎഇ കുറ്റപ്പെടുത്തി. യുദ്ധം നീട്ടിക്കൊണ്ടുപോകാനും യഥാർത്ഥ സമാധാന ചർച്ചകളെ തടസ്സപ്പെടുത്താനുമാണ് ഇത്തരം പ്രസ്താവനകളിലൂടെ ലക്ഷ്യമിടുന്നത്. രാജ്യാന്തര വേദികൾ ദുരുപയോഗം ചെയ്യുന്നത് അവസാനിപ്പിച്ച്, ആഭ്യന്തരയുദ്ധം മൂലമുള്ള ജനങ്ങളുടെ ദുരിതങ്ങൾ അവസാനിപ്പിക്കാൻ അതോറിറ്റി ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും യുഎഇ ആവശ്യപ്പെട്ടു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ഖാർത്തൂം വിമാനത്താവളത്തിനും സൈനിക താവളങ്ങൾക്കും നേരെ ഡ്രോൺ ആക്രമണമുണ്ടായത്. ഇത്യോപ്യയിലെ ബഹീർ ദാർ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഡ്രോണുകളാണ് ആക്രമണം നടത്തിയതെന്നായിരുന്നു സുഡാൻ സൈനിക വക്താവിന്റെ ആരോപണം. എന്നാൽ ഇത്യോപ്യയും ഈ ആരോപണം തള്ളിയിട്ടുണ്ട്. 2023 ഏപ്രിൽ മുതൽ ആഭ്യന്തരയുദ്ധം തുടരുന്ന സുഡാനിൽ, കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.