പുതിയ അധ്യയന വർഷം ആരംഭിക്കുന്ന ഓഗസ്റ്റ് 31ന് ജോലി സമയം പുനഃക്രമീകരിച്ച് യുഎഇ
പുതിയ അധ്യയന വർഷം ആരംഭിക്കുന്ന ഓഗസ്റ്റ് 31ന് യുഎഇയിലെ സർക്കാർ ജീവനക്കാർക്ക് അനുയോജ്യമായ രീതിയിൽ ജോലി സമയം ക്രമീകരിക്കാം. കുട്ടികളെ സ്‌കൂളിലെത്തിക്കുന്ന രക്ഷിതാക്കൾക്ക് ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായാണ് നടപടി.
ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസിന്റെ ഇളവുള്ള ജോലി സമയ നയത്തിന്റെ ഭാഗമായാണ് സർക്കാർ മേഖലയിലെ ജീവനക്കാർക്ക് ഈ സൗകര്യം അനുവദിച്ചത്. കുട്ടികളെ സ്‌കൂളിലെത്തിക്കുന്നതിനും തിരികെ കൊണ്ടുവരുന്നതിനുമായി നിരവധി ജീവനക്കാർ അവധി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ജോലി സമയം ജീവനക്കാർക്ക് കൂടുതൽ അനുയോജ്യമായ രീതിയിൽ ക്രമീകരിക്കാൻ അനുമതി നൽകിയത്.
രക്ഷിതാക്കളും അധ്യാപകരും തമ്മിലുള്ള കൂടിക്കാഴ്ചകൾ, കുട്ടികളുടെ സ്‌കൂളിലെ വിവിധ ചടങ്ങുകൾ, മറ്റ് അധ്യയന വർഷാരംഭ പരിപാടികൾ എന്നിവയിൽ രക്ഷിതാക്കൾക്ക് പങ്കെടുക്കാൻ കഴിയുന്ന തരത്തിലാണ് ഇളവ്.
പുതിയ അധ്യയന വർഷത്തിന്റെ ആദ്യ ദിവസം കുടുംബങ്ങൾക്കും ജീവനക്കാർക്കും കൂടുതൽ സൗകര്യപ്രദമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. 2024 മുതൽ അധ്യയന വർഷാരംഭത്തോടനുബന്ധിച്ച് സർക്കാർ ജീവനക്കാർക്ക് സമാനമായ ജോലി സമയ ഇളവുകൾ അനുവദിച്ചുവരുന്നതായും അധികൃതർ അറിയിച്ചു.