യു.എ.ഇ ഇന്ന് തകർത്തത് 12 ബാലിസ്റ്റിക് മിസൈലുകൾ
തിങ്കളാഴ്ച ഇറാനിൽ നിന്നുണ്ടായ അതിശക്തമായ ആക്രമണങ്ങളെ യുഎഇയുടെ വ്യോമപ്രതിരോധ സംവിധാനം വിജയകരമായി പ്രതിരോധിച്ചു. 12 ബാലിസ്റ്റിക് മിസൈലുകളും 2 ക്രൂസ് മിസൈലുകളും 19 ഡ്രോണുകളുമാണ് യുഎഇ ആകാശത്തുവെച്ച് തകർത്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് നാലുപേർക്ക് പരിക്കേറ്റതായാണ് ഔദ്യോഗിക വിവരം. ഇതോടെ ആക്രമണങ്ങളിൽ പരിക്കേറ്റവരുടെ ആകെ എണ്ണം 221 ആയി ഉയർന്നു.
കഴിഞ്ഞ ഏതാനും മണിക്കൂറുകൾക്കിടെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് ആശ്വാസകരമാണ്. ഫുജൈറയിൽ 'ഡു' (Du) ടെലികമ്മ്യൂണിക്കേഷൻസ് കമ്പനിയുടെ കെട്ടിടത്തെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം നടന്നതായി ഫുജൈറ സർക്കാർ മീഡിയ ഓഫീസ് സ്ഥിരീകരിച്ചു. എന്നാൽ ഈ സംഭവത്തിൽ ആളപായമൊന്നും ഉണ്ടായിട്ടില്ല. അബൂദബിയിലെ മുസഫ ഐകാഡ് (ICAD) മേഖലയിലുള്ള റനീൻ സിസ്റ്റംസ് കമ്പനി വളപ്പിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ചു. ഇതിനെത്തുടർന്ന് ഒരു ഘാന പൗരന് നിസ്സാര പരിക്കേറ്റിട്ടുണ്ട്.
ഇറാൻ ആക്രമണം ആരംഭിച്ച ശേഷം ഇതുവരെ 519 ബാലിസ്റ്റിക് മിസൈലുകൾ, 26 ക്രൂസ് മിസൈലുകൾ, 2210 ഡ്രോണുകൾ എന്നിവയാണ് യുഎഇ വ്യോമപ്രതിരോധ സേന തടഞ്ഞത്. പൊതുജനങ്ങൾ പരിഭ്രാന്തരാകരുതെന്നും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം സ്വീകരിക്കണമെന്നും അധികൃതർ കർശന നിർദ്ദേശം നൽകി. സമൂഹമാധ്യമങ്ങൾ വഴി അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്നും അധികൃതർ ഓർമ്മിപ്പിച്ചു.