ആഗോളതലത്തിൽ കരുത്തറിയിച്ച് യു.എ.ഇ; ലോകത്തെ 'ബെസ്റ്റ് കൺട്രീസ്' റാങ്കിങ്ങിൽ ആദ്യ പത്തിൽ ഇടംപിടിച്ചു
ആഗോളതലത്തിൽ രാജ്യങ്ങളുടെ പദവിയും സ്വാധീനവും വിലയിരുത്തുന്ന 2026-ലെ 'ബെസ്റ്റ് കൺട്രീസ്' റിപ്പോർട്ടിൽ മിന്നും നേട്ടവുമായി യു.എ.ഇ. ലോകത്തെ ഏറ്റവും മികച്ച രാജ്യങ്ങളുടെ പട്ടികയിൽ പത്താം സ്ഥാനം സ്വന്തമാക്കിയ യു.എ.ഇ, ഈ നേട്ടം കൈവരിക്കുന്ന ആദ്യ അറബ് രാജ്യവും മിഡിൽ ഈസ്റ്റിൽ ഏറ്റവും ഉയർന്ന റാങ്ക് നേടുന്ന രാജ്യവുമായി മാറി. പരമ്പരാഗത സാമ്പത്തിക സൂചകങ്ങൾക്കപ്പുറം നിക്ഷേപം, ടൂറിസം, വ്യാപാരം എന്നിവയെ സ്വാധീനിക്കുന്ന ഗുണപരമായ സവിശേഷതകൾ മുൻനിർത്തിയാണ് ഈ റാങ്കിങ് തയ്യാറാക്കിയിരിക്കുന്നത്.
പെൻസിൽവേനിയ സർവകലാശാലയിലെ വേർട്ടൺ സ്കൂളും ഡബ്ല്യു.പി.പിയും സംയുക്തമായി പുറത്തിറക്കിയ ഈ റിപ്പോർട്ടിൽ, ഭാവിയിലെ സാമ്പത്തിക വളർച്ചാ സാധ്യതകൾ അളക്കുന്ന 'റൈസിങ് പവർ' വിഭാഗത്തിൽ യു.എ.ഇ ലോകത്ത് ഒന്നാമതെത്തി. ഈ വിഭാഗത്തിൽ നൂറിൽ നൂറ് മാർക്കും നേടിയാണ് രാജ്യം ചരിത്രനേട്ടം കുറിച്ചത്. ആഗോളതലത്തിൽ സ്വിറ്റ്സർലൻഡ് ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ ജപ്പാൻ, സ്വീഡൻ, കാനഡ, ഓസ്‌ട്രേലിയ എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ. പതിനൊന്നാം സ്ഥാനത്തുള്ള അമേരിക്ക ഉൾപ്പെടെയുള്ള വൻശക്തികളെ പിന്നിലാക്കിയാണ് യു.എ.ഇ പത്താം സ്ഥാനം ഉറപ്പിച്ചത്. മേഖലയിലെ മറ്റ് രാജ്യങ്ങളായ സൗദി അറേബ്യ 29-ാം സ്ഥാനത്തും ഈജിപ്ത് 32-ാം സ്ഥാനത്തുമാണ്.
വെറും ഒരു പ്രാദേശിക വ്യാപാര കേന്ദ്രം എന്ന നിലയിൽ നിന്ന് ആഗോള സാമ്പത്തിക-ടൂറിസം പവർഹൗസായി യു.എ.ഇ മാറിയെന്ന് റിപ്പോർട്ട് അടിവരയിടുന്നു. ധനകാര്യം, റിയൽ എസ്റ്റേറ്റ്, വ്യോമയാനം, ടൂറിസം തുടങ്ങിയ മേഖലകളിലെ അതിവേഗത്തിലുള്ള വികസനവും തന്ത്രപ്രധാനമായ ഭൂമിശാസ്ത്രപരമായ സ്ഥാനവും ഈ മുന്നേറ്റത്തിന് കരുത്തായി. ഏകദേശം 509 ബില്യൺ ഡോളർ മൂല്യമുള്ള സമ്പദ്‌വ്യവസ്ഥയുള്ള യു.എ.ഇയുടെ പ്രതിശീർഷ വരുമാനം 78,260 ഡോളറാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.