സിറിയക്കെതിരായ ഇസ്രായേൽ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് യു.എ.ഇ

 

സിറിയൻ പ്രവിശ്യകളായ ഖുനൈത്ര, ദർഅ എന്നിവിടങ്ങളിലേക്ക് ഇസ്രായേൽ നടത്തിയ കടന്നുകയറ്റങ്ങളെയും വ്യോമാക്രമണങ്ങളെയും യു.എ.ഇ ശക്തമായ ഭാഷയിൽ അപലപിച്ചു. സിറിയൻ അറബ് റിപ്പബ്ലിക്കിന്റെ പരമാധികാരത്തിന്മേലുള്ള എല്ലാ ലംഘനങ്ങളെയും അതിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും നേരെയുള്ള ഭീഷണികളെയും പൂർണ്ണമായി തള്ളിക്കളയുന്നതായി യു.എ.ഇ വ്യക്തമാക്കി.

സിറിയൻ പ്രദേശങ്ങളിലേക്കുള്ള ഇസ്രായേലിന്റെ തുടർച്ചയായ കടന്നുകയറ്റങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെയും, 1974-ലെ സിറിയ-ഇസ്രായേൽ സേനാപിന്മാറ്റ കരാറിന്റെയും നഗ്നമായ ലംഘനമാണെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. സിറിയയുടെ സ്ഥിരതയ്ക്കും പ്രാദേശിക അഖണ്ഡതയ്ക്കും നൽകുന്ന ഉറച്ച പിന്തുണയും സിറിയൻ ജനതയോടുള്ള ഐക്യദാർഢ്യവും മന്ത്രാലയം ആവർത്തിച്ചു. പ്രാദേശിക സംഘർഷങ്ങൾ വർദ്ധിപ്പിക്കുകയും സമാധാനത്തിന് ഭീഷണിയാകുകയും ചെയ്യുന്ന ഇത്തരം നീക്കങ്ങൾ ഉടനടി അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്നും യു.എ.ഇ ആവശ്യപ്പെട്ടു.