ജൂൺ 1 മുതൽ ചില സുപ്രധാന മാറ്റങ്ങളുമായി യുഎഇ

 

ജൂൺ 1 മുതൽ യുഎഇയിൽ ചില സുപ്രധാന മാറ്റങ്ങൾ പ്രാബല്യത്തിൽ വരുകയാണ്. അവ എന്തൊക്കെയാണ് എന്ന് അറിയാം

പ്രായപൂർത്തി പരിധി 21ൽനിന്ന് 18 വയസായി കുറച്ചു

യുഎഇയിൽ നിയമപരമായ പ്രായപൂർത്തി പരിധി 21ൽനിന്ന് 18 വയസായി കുറച്ച നിയമം ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരും. ഇതോടെ മുതിർന്ന പൗരന്മാർക്കു ലഭിക്കുന്ന എല്ലാ നിയമപരമായ അവകാശങ്ങളും അധികാരങ്ങളും 18 വയസ്സ് പൂർത്തിയായവർക്കും ലഭിക്കും. യുവാക്കൾക്ക് സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാനും സാമ്പത്തിക ഇടപാടുകൾ നടത്താനും പുതിയ മാറ്റം സാധിക്കും

പാർക്കിങ്, ടോൾ സേവനങ്ങൾക്ക് നികുതി

ദുബൈയിലെ പാർക്കിങ്-ടോൾ സേവനങ്ങളിൽ ജൂൺ ഒന്നുമുതൽ അഞ്ച് ശതമാനം മൂല്യവർധിത നികുതി ഏർപ്പെടുത്തുമെന്ന് പാർക്കിനും സാലിക്കും അറിയിച്ചിട്ടുണ്ട്. ഇതിൽ ഓൺ-സ്ട്രീറ്റ്, ഓഫ്-സ്ട്രീറ്റ് പാർക്കിങ്, സീസണൽ കാർഡുകൾ, പെർമിറ്റുകൾ, റിസർവേഷനുകൾ എന്നിവ ഉൾപ്പെടുന്നു.അതെ പോലെ ടോൾ നിരക്കുകൾക്കും ടാഗ് ആക്ടിവേഷൻ ഫീസിനും 5 ശതമാനം മൂല്യവർദ്ധിത നികുതി ഏർപ്പെടുത്തും

സ്വകാര്യ മേഖലയ്ക്കുള്ള പുതിയ വേതന സംരക്ഷണ നിയമം

കഴിഞ്ഞ മാസത്തെ ശമ്പളം ഓരോ ഗ്രിഗോറിയൻ മാസത്തിന്റെയും ആദ്യ ദിവസം നൽകണമെന്നാണ് പുതിയ നിയമം വ്യവസ്ഥ. ഒന്നാം തീയതിക്ക് ശേഷം വേതനം നൽകുന്നത് ലേറ്റ് പേയ്‌മെന്റായി കണക്കാക്കും.മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ കമ്പനികളും അംഗീകൃത വേതന സംരക്ഷണ സംവിധാനത്തിലൂടെയോ മന്ത്രാലയം അംഗീകരിച്ച മറ്റ് പേയ്‌മെന്റ് ചാനലുകളിലൂടെയോ വേതനം വിതരണം ചെയ്യണം. തൊഴിലുടമകൾ രേഖകളിലൂടെയും ഡാറ്റകളിലൂടെയും ശമ്പള പേയ്‌മെന്റുകൾ സ്ഥിരീകരിക്കണം. യുഎഇയിലെ ഒരു സ്വകാര്യ കമ്പനി ജീവനക്കാർക്ക് നൽകേണ്ട മൊത്തം വേതനത്തിന്റെ 85 ശതമാനമെങ്കിലും സമയപരിധിക്കുള്ളിൽ അടച്ചാൽ നിയമങ്ങൾ പാലിക്കുന്നതായി കണക്കാക്കും.

അൽഹിന്ദ് ഓഫീസുകൾ സ്ഥാപിക്കും

യുഎഇയിൽ ഇന്ത്യൻ പ്രവാസികൾക്കായി 16 പുതിയ പാസ്പോർട്ട് കേന്ദ്രങ്ങൾ ആരംഭിക്കും. പാസ്പോർട്ട്, വിസ സേവനങ്ങൾ ഇനി കൂടുതൽ വേഗത്തിലും സുതാര്യമായും ലഭ്യമാകും. യുഎഇയിലുടനീളം 16 പുതിയ ഇന്ത്യൻ കോൺസുലർ സർവീസ് കേന്ദ്രങ്ങളുടെ വിവരങ്ങൾ പുറത്തുവന്നു. ജൂലൈ ഒന്നു മുതൽ പുതിയ കേന്ദ്രങ്ങൾ യുഎഇയിൽ പൂർണമായി പ്രവർത്തനസജ്ജമാകും.