യു.എ.ഇ വിനോദസഞ്ചാര മേഖലയിൽ വൻ കുതിപ്പ്; കഴിഞ്ഞ വർഷം ഹോട്ടലുകളിൽ എത്തിയത് 3.2 കോടിയിലധികം പേർ

 

യു.എ.ഇയുടെ വിനോദസഞ്ചാര മേഖലയിൽ കഴിഞ്ഞ വർഷം മികച്ച വളർച്ചാനിരക്ക് രേഖപ്പെടുത്തി. 3.2 കോടിയിലധികം ആളുകളാണ് കഴിഞ്ഞ വർഷം രാജ്യത്തെ വിവിധ ഹോട്ടലുകളിൽ താമസിച്ചത്. മുൻവർഷത്തെ (2024) അപേക്ഷിച്ച് ഹോട്ടൽ അതിഥികളുടെ എണ്ണത്തിൽ 5.1 ശതമാനം വർദ്ധനവാണ് ഉണ്ടായത്.

ഹോട്ടലുകളിൽ നിന്നുള്ള വരുമാനം ഏകദേശം 4,921 കോടി ദിർഹമായി ഉയർന്നു. 2024-നെ അപേക്ഷിച്ച് വരുമാനത്തിൽ 9.7 ശതമാനത്തിന്റെ വളർച്ചയാണ് കൈവരിക്കാനായത്. നിലവിൽ യു.എ.ഇയിലാകെ 1,240-ലധികം ഹോട്ടലുകളിലായി 2.17 ലക്ഷം മുറികളുണ്ട്. ഹോട്ടലുകളിലെ ശരാശരി ഒക്ക്യുപൻസി നിരക്ക് (ഹോട്ടൽ മുറികൾ വാടകയ്ക്ക് പോകുന്ന നിരക്ക്) 79.5 ശതമാനമായും ഉയർന്നു. ഇത് ആഗോളതലത്തിൽ തന്നെ ഏറ്റവും ഉയർന്ന നിരക്കുകളിലൊപ്പാണെന്ന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വിലയിരുത്തി.

ലോക സാമ്പത്തിക ഫോറത്തിന്റെ (World Economic Forum) 2024-ലെ ട്രാവൽ ആൻഡ് ടൂറിസം ഡെവലപ്‌മെന്റ് ഇൻഡക്സ് പ്രകാരം, വിനോദസഞ്ചാര മേഖലയിലെ വളർച്ചയുടെ കാര്യത്തിൽ മിഡിലീസ്റ്റ്, നോർത്ത് ആഫ്രിക്ക (MENA) മേഖലയിൽ യു.എ.ഇ ഒന്നാം സ്ഥാനത്താണ്. ആഗോളതലത്തിൽ പതിനെട്ടാം സ്ഥാനവും രാജ്യം ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്.