റാസൽഖൈമയിൽ ഇനി ഊബർ ടാക്സികളും; ലിമോസിൻ മുതൽ ടാക്സി വരെ ആപ്പ് വഴി ബുക്ക് ചെയ്യാം

 

എമിറേറ്റിലെ ഗതാഗത സൗകര്യങ്ങൾ സ്മാർട്ടാക്കുന്നതിന്റെ ഭാഗമായി റാസൽഖൈമ ട്രാൻസ്‌പോർട്ട് അതോറിറ്റി (റക്ത) പ്രമുഖ ടാക്സി സർവീസ് ആപ്പായ ഊബറുമായി (Uber) കരാറിൽ ഒപ്പുവച്ചു. ഇതോടെ റാസൽഖൈമയിലെ സാധാരണ ടാക്സികളും ലിമോസിനുകളും ഇനി മുതൽ ഊബർ ആപ്പ് വഴി ബുക്ക് ചെയ്യാൻ സാധിക്കും. റാക്റ്റ ഡയറക്ടർ ജനറൽ ഇസ്മായിൽ ഹസൻ അൽ ബലൂഷിയും ഊബർ യുഎഇ ജനറൽ മാനേജർ താല നസൗലിയുമാണ് ഈ ചരിത്രപരമായ കരാറിൽ ഒപ്പുവച്ചത്.

താമസക്കാർക്കും വിനോദസഞ്ചാരികൾക്കും 24 മണിക്കൂറും സുരക്ഷിതമായ യാത്ര ഉറപ്പാക്കുക എന്നതാണ് ഈ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നത്. ആപ്പ് വഴി വാഹനം വിളിക്കാനുള്ള സൗകര്യത്തിനൊപ്പം ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനവും ലഭ്യമാണ്. റാസൽഖൈമ സർക്കാരിന്റെ സുസ്ഥിരവും സ്മാർട്ടുമായ ഗതാഗത കാഴ്ചപ്പാടിന് അനുസൃതമായാണ് ഈ നീക്കമെന്ന് ഇസ്മായിൽ അൽ ബലൂഷി പറഞ്ഞു. ടാക്സി സേവനങ്ങളെ ആഗോള നിലവാരത്തിലുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുമായി ബന്ധിപ്പിക്കുന്നത് എമിറേറ്റിലെ ടൂറിസം മേഖലയ്ക്കും വലിയ ഉണർവ് നൽകും.

മിഡിൽ ഈസ്റ്റിൽ ഊബർ ആപ്പ് വഴി ടാക്സി സേവനം ലഭ്യമാക്കുന്ന ചുരുക്കം നഗരങ്ങളിൽ ഒന്നായി ഇതോടെ റാസൽഖൈമ മാറി. നഗരത്തിലെ തിരക്കേറിയ റൂട്ടുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും വാഹനം കാത്തുനിൽക്കാതെ തന്നെ യാത്രക്കാർക്ക് ടാക്സികൾ ലഭ്യമാകുന്നത് വലിയ സൗകര്യമാകും. ഡിജിറ്റൽ പരിവർത്തനത്തിലൂടെ ഗതാഗത മേഖലയെ കൂടുതൽ കാര്യക്ഷമമാക്കാനുള്ള അതോറിറ്റിയുടെ ശ്രമങ്ങളിലെ സുപ്രധാന ചുവടുവെയ്പ്പാണിതെന്ന് ഊബർ യുഎഇ ജനറൽ മാനേജർ താല നസൗലി വ്യക്തമാക്കി.