റഷ്യക്ക് നേരെ 1000 ഡ്രോണുകൾ അയച്ച് യുക്രൈന്റെ വൻ വ്യോമാക്രമണം; കത്തിയമർന്ന് എണ്ണ ഡിപ്പോകൾ

 

റഷ്യക്ക് നേരെ ആയിരത്തിലധികം ഡ്രോണുകൾ അയച്ച് യുക്രൈൻ നടത്തിയ വൻ വ്യോമാക്രമണത്തിൽ സെന്റ് പീറ്റേഴ്സ്ബർഗിലെ എണ്ണ കയറ്റുമതി കേന്ദ്രങ്ങളിൽ വൻ തീപ്പിടിത്തം. യുദ്ധം ആരംഭിച്ച ശേഷം റഷ്യയ്ക്ക് നേരെ യുക്രൈൻ നടത്തുന്ന ഏറ്റവും വലിയ വ്യോമാക്രമണങ്ങളിലൊന്നാണിത്.

ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രാദേശിക ഗവർണർ അലക്‌സാണ്ടർ ബെഗ്ലോവ് സ്ഥിരീകരിച്ചു. പീറ്റേഴ്സ്ബർഗ് ഓയിൽ ടെർമിനൽ, റൂച്ചി ഓയിൽ ഡിപ്പോ എന്നിവയ്ക്ക് പുറമെ പ്രമുഖ റഷ്യൻ റീട്ടെയിലറായ ഒസോണിന്റെ (Ozon) ലോജിസ്റ്റിക്‌സ് സെന്റർ, വികെ (VK) ഡാറ്റാ സെന്റർ എന്നിവയ്ക്ക് നേരെയും ആക്രമണമുണ്ടായി. 15 റഷ്യൻ മേഖലകളിലും ക്രിമിയയിലുമായി യുക്രൈൻ അയച്ച 1,015 ഡ്രോണുകൾ തകർത്തതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു.

റഷ്യൻ എണ്ണ അടിസ്ഥാനസൗകര്യങ്ങൾക്ക് നേരെ യുക്രെെൻ നടത്തുന്ന ആക്രമണങ്ങളെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിമർശിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ സംഭവം. അതേസമയം, ദക്ഷിണ യുക്രൈൻ നഗരമായ സപ്പോറീഷ്യയിൽ റഷ്യ നടത്തിയ രണ്ട് ആക്രമണങ്ങളിൽ ഒരു സ്ത്രീ കൊല്ലപ്പെടുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. വെടിനിർത്തൽ പ്രഖ്യാപനത്തിന് ശേഷമുള്ള ഒരാഴ്ചയ്ക്കുള്ളിൽ റഷ്യൻ സൈന്യം യുക്രൈനിലെ ഊർജ്ജ-എണ്ണ മേഖലകളിൽ 76 തവണ ആക്രമണം നടത്തിയതായി യുക്രൈൻ പ്രസിഡന്റ് വോളോദിമിർ സെലെൻസ്‌കി ആരോപിച്ചു.