യുക്രെയ്ൻ-റഷ്യ യുദ്ധം:ആവശ്യമെങ്കിൽ മധ്യസ്ഥതവഹിക്കാം- ജയശങ്കർ

 

യുക്രെയ്ൻ-റഷ്യ യുദ്ധം അവസാനിപ്പിക്കാൻ സഹായിക്കാൻ ഇന്ത്യ തയ്യാറാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. യുക്രെയ്ൻ സന്ദർശനത്തിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്തെങ്കിലും വിധത്തിൽ സഹായിക്കാൻ ഇന്ത്യക്ക് കഴിയുമെങ്കിൽ അതിന് തയ്യാറാണെന്ന് യുക്രെയ്ൻ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹയുമായുള്ള ചർച്ചയിൽ ജയശങ്കർ വ്യക്തമാക്കിയതായി റോയിട്ടേഴ്സും റിപ്പോർട്ട് ചെയ്തു.

കരിങ്കടലിൽ വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളും ഇരു മന്ത്രിമാരുടെയും ചർച്ചയിൽ വിഷയമായി. റഷ്യയും യുക്രെയ്നും തമ്മിലുള്ള സംഘർഷത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെടുകയും ചിലർക്ക് പരുക്കേൽക്കുകയും ചെയ്ത സാഹചര്യത്തിലാണ് ജയശങ്കറിന്റെ യുക്രെയ്ൻ സന്ദർശനം.

ഇന്ത്യക്കാരുൾപ്പെടെയുള്ള നാവികരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും യുദ്ധത്തിന് പരിഹാരം കാണണമെന്ന നിലപാടും ഇന്ത്യ ആവർത്തിച്ചു.പോളിഷ് ഉപപ്രധാനമന്ത്രി റഡോസ്ലാവ് സികോർസ്‌കിയുമായും ജയശങ്കർ കൂടിക്കാഴ്ച നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.