റഷ്യൻ നഗരത്തിൽ യുക്രെയ്ൻ ഡ്രോൺ ആക്രമണം: മൂന്ന് മരണം; കിയവിൽ റഷ്യൻ വ്യോമാക്രമണം
റഷ്യയിലെ ബെൽഗൊറോഡ് നഗരത്തിൽ യുക്രെയ്ൻ നടത്തിയ ഡ്രോണാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ഞായറാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിൽ 25ഓളം പേർക്ക് പരിക്കേറ്റു. ആക്രമണത്തെ തുടർന്ന് രണ്ട് അപ്പാർട്ട്മെന്റുകൾക്ക് തീപിടിക്കുകയും നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തതായി ഗവർണർ അലക്സാണ്ടർ ഷുവായേവ് അറിയിച്ചു. അതേസമയം കരിങ്കടൽ, അസോവ്, ക്രിമിയൻ മേഖലകളിൽ നിന്നായി 150 ഓളം യുക്രെയ്ൻ ഡ്രോണുകൾ വെടിവെച്ചിട്ടതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു.
മറുഭാഗത്ത്, യുക്രെയ്ൻ തലസ്ഥാനമായ കിയവിൽ റഷ്യ നടത്തിയ ശക്തമായ വ്യോമാക്രമണത്തിൽ 14 പേർ കൊല്ലപ്പെടുകയും 27 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കിയവിലുടനീളം ഏഴിടങ്ങളിൽ റഷ്യൻ മിസൈലുകൾ പതിച്ചു. സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്ന വെയർഹൗസുകളും ലോജിസ്റ്റിക്സ് കേന്ദ്രങ്ങളും ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
ആക്രമണത്തെ തുടർന്ന് കിയവിൽ അമോണിയ ചോർച്ചയുണ്ടായെങ്കിലും അടിയന്തര സേന ഉടൻ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. അതിനിടെ കരിങ്കടൽ മേഖലയിലെ യുക്രെയ്ൻ തുറമുഖങ്ങൾ ലക്ഷ്യമിട്ടും റഷ്യൻ സൈന്യം ആക്രമണം കടുപ്പിച്ചിട്ടുണ്ട്.