സൗദിയിൽ ഉംറ ബസ് അപകടം: മരിച്ചവരുടെ ഖബറടക്ക നടപടികൾ തുടങ്ങി; ചികിത്സയിൽ 18 മലയാളികൾ

 

മക്കയിലേക്ക് ഉംറ തീർഥാടനത്തിന് പോയ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ ഖബറടക്കത്തിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. റിയാദിലെ ഹോത്ത ബനീ തമീമിൽ നിന്ന് പുറപ്പെട്ട ബസ് ത്വാഇഫിന് സമീപം വെച്ചാണ് അപകടത്തിൽപ്പെട്ടത്. ഉംറ ഗ്രൂപ്പിനെ നയിച്ചിരുന്ന നിലമ്പൂർ സ്വദേശി ഇസ്മാഈൽ, പത്തനാപുരം സ്വദേശി ഷീബ എന്നിവരാണ് മരണപ്പെട്ടത്.

ബസ്സിൽ ആകെ 40 യാത്രക്കാരാണുണ്ടായിരുന്നത്. ഇതിൽ പരിക്കേറ്റ 18 മലയാളികൾ ഉൾപ്പെടെയുള്ളവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. നിലവിൽ നാല് പേർ ഐസിയുവിൽ തുടരുകയാണെന്നും അതിൽ ഒരാളുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഖാസിറാത്ത്, ദുലും, അഫീഫ്, ത്വാഇഫ് എന്നിവിടങ്ങളിലെ അഞ്ച് ആശുപത്രികളിലായാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.

യാത്രക്കിടെ ബസ്സിന്റെ ടയർ പൊട്ടിയതിനെത്തുടർന്ന് നിയന്ത്രണം വിട്ട് എതിർദിശയിലേക്ക് മറിയുകയായിരുന്നു. യാത്ര തുടങ്ങുമ്പോൾ തന്നെ ബസ്സിന് ചില സാങ്കേതിക തകരാറുകൾ കണ്ടെത്തിയിരുന്നുവെന്നും അത് പരിഹരിച്ച് മുന്നോട്ട് പോകവെയാണ് അപകടമുണ്ടായതെന്നും വിവരമുണ്ട്. ബസ് മറിഞ്ഞപ്പോൾ പുറത്തേക്ക് തെറിച്ചുവീണ യാത്രക്കാർക്കാണ് സാരമായ പരിക്കേറ്റത്. മരിച്ചവരുടെ നിയമനടപടികൾ പൂർത്തിയാക്കി വരികയാണെന്ന് അധികൃതർ അറിയിച്ചു.