ഉംറ തീർഥാടകർ സമയം മുൻകൂട്ടി ക്രമീകരിക്കണം; ഹറമിലെ തിരക്ക് കുറഞ്ഞ സമയങ്ങൾ വ്യക്തമാക്കി ഇരുഹറം കാര്യാലയം

 

ഉംറ കർമങ്ങൾ കൂടുതൽ എളുപ്പത്തിലും സൗകര്യപ്രദമായും നിർവഹിക്കുന്നതിനായി തീർഥാടകർ തങ്ങളുടെ യാത്ര മുൻകൂട്ടി ആസൂത്രണം ചെയ്യണമെന്ന് ഇരുഹറം കാര്യാലയം അഭ്യർത്ഥിച്ചു. മക്ക മസ്ജിദുൽ ഹറാമിലെ തിരക്കിന്റെ സ്വഭാവം മനസ്സിലാക്കി അനുയോജ്യമായ സമയം തെരഞ്ഞെടുക്കണമെന്ന് വ്യക്തമാക്കുന്ന പ്രത്യേക ബോധവൽക്കരണ ഗൈഡും അതോറിറ്റി പുറത്തിറക്കിയിട്ടുണ്ട്.

തീർഥാടകരുടെ സുരക്ഷയും ആശ്വാസവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് മസ്ജിദുൽ ഹറാമിലെ വിവിധ സമയങ്ങളിലെ തിരക്ക് സംബന്ധിച്ച വിവരങ്ങൾ അതോറിറ്റി പുറത്തുവിട്ടത്. ഇതനുസരിച്ച് രാത്രി 10 മുതൽ പുലർച്ചെ നാല് വരെയും രാവിലെ ഒമ്പത് മുതൽ ഉച്ചകഴിഞ്ഞ് നാല് വരെയും ഹറമിൽ കുറഞ്ഞ തിരക്കായിരിക്കും അനുഭവപ്പെടുക. രാവിലെ അഞ്ച് മുതൽ എട്ട് വരെയുള്ള സമയങ്ങളിൽ മിതമായ തിരക്കും, വൈകുന്നേരം അഞ്ച് മുതൽ രാത്രി ഒമ്പത് മണി വരെ ഉയർന്ന തിരക്കും അനുഭവപ്പെടും.

ഉംറ നിർവഹിക്കാൻ എത്തുന്നവർക്ക് സമയം ക്രമീകരിക്കാനും തിരക്ക് കുറഞ്ഞ സമയങ്ങൾ പരമാവധി പ്രയോജനപ്പെടുത്താനും ഈ വിവരങ്ങൾ സഹായിക്കും. കൂടാതെ, ‘ത്വവാഫ്’, ‘സഅ്‌യ്’ എന്നിവ നടക്കുന്ന ഭാഗങ്ങളിലെ നിലവിലെ തിരക്കിന്റെ സ്ഥിതി തത്സമയം മനസ്സിലാക്കുന്നതിനായി അതോറിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയുള്ള ഡിജിറ്റൽ സേവനങ്ങൾ പ്രയോജനപ്പെടുത്താമെന്നും നിർദേശമുണ്ട്.