ഉംറ വീസ: സൗദിയിൽ നിന്നുള്ള മടക്കയാത്രയ്ക്ക് 18 വരെ സമയം; തീർഥാടകർക്ക് കർശന നിർദ്ദേശം
ഹജ്ജ് സീസണിന് മുന്നോടിയായി സൗദി അറേബ്യയിൽ ഉംറ വീസയിൽ എത്തിയവർക്ക് രാജ്യം വിടാനുള്ള അവസാന തീയതി ഈ മാസം 18 ആയി നിശ്ചയിച്ചു. ഹജ്ജ് ഒരുക്കങ്ങൾ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായാണ് സൗദി അധികൃതരുടെ ഈ നടപടി. ഈ മാസം 13-ന് ശേഷം ഉംറ വീസയുള്ളവർക്ക് മക്കയിലേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് യു.എ.ഇയിലെ ട്രാവൽ ഏജൻസികൾ അറിയിച്ചു. 18-ാം തീയതിക്ക് ശേഷം ഹജ്ജ് പെർമിറ്റ് ഇല്ലാത്ത ആരെയും മക്കയിൽ തുടരാൻ അനുവദിക്കില്ലെന്നാണ് കർശന നിർദ്ദേശം.
13 മുതൽ മക്ക നഗരത്തിലേക്കുള്ള പ്രവേശനത്തിന് കനത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഹജ്ജ് പെർമിറ്റുള്ളവർ, മക്കയിലെ താമസക്കാർ (ഇഖാമയുള്ളവർ), ഔദ്യോഗികമായി അനുമതിയുള്ള ജീവനക്കാർ എന്നിവർക്ക് മാത്രമേ നിലവിൽ പ്രവേശനാനുമതിയുള്ളൂ. മൾട്ടിപ്പിൾ എൻട്രി വീസയുള്ളവർക്ക് പോലും നിലവിൽ മക്കയിൽ പ്രവേശിക്കാൻ അനുവാദമില്ല. പുതിയ നിയന്ത്രണങ്ങൾ വന്നതോടെ യു.എ.ഇയിൽ നിന്നുള്ള ഒട്ടേറെ പ്രവാസികൾ തങ്ങളുടെ യാത്രാ പ്ലാനുകൾ റദ്ദാക്കി. ഹജ്ജിന് ശേഷം മാത്രമേ ഇനി ഉംറ തീർത്ഥാടനം പുനരാരംഭിക്കുകയുള്ളൂ.
ഉംറ പെർമിറ്റുകൾ നൽകുന്ന 'നുസുക്' പ്ലാറ്റ്‌ഫോം മേയ് 31 വരെ പുതിയ ബുക്കിങ്ങുകൾ സ്വീകരിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. മാർച്ച് പകുതിയോടെ തന്നെ പുതിയ ഉംറ വീസകൾ നൽകുന്നത് സൗദി നിർത്തിവെച്ചിരുന്നു. നിലവിൽ സൗദിയിലുള്ള തീർത്ഥാടകർ 18-നകം മടക്കയാത്ര ഉറപ്പാക്കണമെന്ന് ട്രാവൽ ഏജന്റുകൾ നിർദ്ദേശിച്ചു. ഹജ്ജ് തീർത്ഥാടകരുടെ സുരക്ഷയും സൗകര്യങ്ങളും ഉറപ്പാക്കുന്നതിനാണ് ഈ നിയന്ത്രണങ്ങളെന്ന് അധികൃതർ വ്യക്തമാക്കി.