അശാസ്ത്രീയമായ ക്യാൻസർ ചികിത്സാ നിർദ്ദേശം; ലണ്ടനിൽ ഇന്ത്യൻ ഡയറ്റീഷ്യന് സസ്‌പെൻഷൻ

 

ക്യാൻസർ ചികിത്സയുമായി ബന്ധപ്പെട്ട് അശാസ്ത്രീയമായ കാര്യങ്ങൾ പ്രചരിപ്പിച്ച ഇന്ത്യൻ ഡയറ്റീഷ്യനെ ലണ്ടനിലെ നാഷണൽ ഹെൽത്ത് സർവീസ് (NHS) സസ്‌പെൻഡ് ചെയ്തു. കീമോതെറാപ്പിയേക്കാൾ ആയിരം മടങ്ങ് ഫലപ്രദമാണ് നാരങ്ങാവെള്ളം കുടിക്കുന്നതെന്നതടക്കമുള്ള വിചിത്രമായ വാദങ്ങൾ ഉന്നയിച്ച അപർണ ശ്രീവാസ്തവയ്ക്ക് എതിരെയാണ് നടപടി. തന്റെ പ്രൊഫഷണൽ പദവി ദുരുപയോഗം ചെയ്ത് ശാസ്ത്രീയ അടിത്തറയില്ലാത്ത കാര്യങ്ങൾ പ്രചരിപ്പിച്ചു എന്നതാണ് ഇവർക്കെതിരെയുള്ള കുറ്റം.

ഹെൽത്ത് ആൻഡ് കെയർ പ്രൊഫഷൻസ് ട്രിബ്യൂണൽ സർവീസ് (HCPTS) നടത്തിയ അന്വേഷണത്തിലാണ് അപർണയുടെ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയത്. "പഞ്ചസാര ഉപേക്ഷിച്ചാൽ ക്യാൻസർ സ്വയം ഇല്ലാതാകുമെന്നും, വെജിൻ വെളിച്ചെണ്ണ കഴിക്കുന്നത് രോഗത്തെ അകറ്റി നിർത്തുമെന്നും" ഇവർ സഹപ്രവർത്തകർക്ക് സന്ദേശമയച്ചിരുന്നു. കൂടാതെ, പാർക്കിൻസൺസ് രോഗമുള്ള 91 വയസ്സുകാരനോട് യോഗ ചെയ്യാൻ നിർദ്ദേശിച്ചതും, മറ്റൊരു രോഗിയോട് റേഡിയോ (FM) കേൾക്കാൻ പറഞ്ഞതും അന്വേഷണത്തിൽ തെളിഞ്ഞു.

2018-ൽ 'ഈസ്റ്റ് റൈഡിംഗ് കമ്മ്യൂണിറ്റി ഡയറ്റീഷ്യൻ' ടീമിൽ ജോലി ചെയ്യവെയാണ് വിവാദമായ ഈ നിർദ്ദേശങ്ങൾ നൽകിയത്. കൃത്യമായ വൈദ്യശാസ്ത്രപരമായ കാരണങ്ങളില്ലാതെ ചില പ്രത്യേക ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾ വാങ്ങാൻ രോഗികളെ നിർബന്ധിച്ചതായും ഇവർക്കെതിരെ ആരോപണമുണ്ട്. സഹപ്രവർത്തകർ നൽകിയ പരാതിയെത്തുടർന്ന് കഴിഞ്ഞ വർഷം ആരംഭിച്ച സസ്‌പെൻഷൻ കാലാവധി ഇപ്പോൾ 12 മാസത്തേക്ക് കൂടി നീട്ടിയിരിക്കുകയാണ്. ശാസ്ത്രീയ ചികിത്സാരീതികളെ തകിടം മറിക്കുന്ന ഇത്തരം പ്രചാരണങ്ങൾ രോഗികളുടെ ജീവന് ഭീഷണിയാണെന്ന് ട്രിബ്യൂണൽ നിരീക്ഷിച്ചു.