റിയാദിൽ മിസൈൽ അവശിഷ്ടം വീണ് പരിക്കേറ്റ യുപി സ്വദേശി മരിച്ചു; ഇന്ത്യൻ എംബസി അനുശോചിച്ചു

 

സൗദി തലസ്ഥാനമായ റിയാദിന് നേരെ നടന്ന മിസൈൽ ആക്രമണ ശ്രമത്തിനിടെ മിസൈൽ അവശിഷ്ടം വീണ് പരിക്കേറ്റ ഉത്തർപ്രദേശ് സ്വദേശി അന്തരിച്ചു. യുപി സ്വദേശിയായ രവി ഗോപാൽ ആണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്. മാർച്ച് 18-ന് റിയാദിലുണ്ടായ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിനിടെയാണ് ഇദ്ദേഹത്തിന് പരിക്കേറ്റത്.

റിയാദ് ന്യൂ സനാഇയയിലെ പ്ലാസ്റ്റിക് ഫാക്ടറി ജീവനക്കാരനായിരുന്നു രവി ഗോപാൽ. മാർച്ച് 18-ന് ഇൻഡസ്ട്രിയൽ സിറ്റി ലക്ഷ്യമാക്കി എത്തിയ നാല് മിസൈലുകളെയും സൗദി വ്യോമ പ്രതിരോധ സേന ആകാശത്തുവെച്ച് വിജയകരമായി തകർത്തിരുന്നു. എന്നാൽ, തകർക്കപ്പെട്ട മിസൈലുകളുടെ അവശിഷ്ടങ്ങൾ താഴേക്ക് പതിച്ചതിനെത്തുടർന്ന് താമസസ്ഥലത്തിന് മുകളിൽ നിൽക്കുകയായിരുന്ന രവി ഗോപാൽ ഉൾപ്പെടെ നാല് വിദേശ തൊഴിലാളികൾക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ രവി ഗോപാലിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്ന് മരണം സംഭവിക്കുകയായിരുന്നു.

രവി ഗോപാലിന്റെ വിയോഗത്തിൽ സൗദിയിലെ ഇന്ത്യൻ എംബസി ആഴത്തിലുള്ള അനുശോചനം രേഖപ്പെടുത്തി. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ പ്രാദേശിക അധികൃതരുമായി ചേർന്ന് എംബസി പ്രവർത്തിച്ചുവരികയാണ്. പരിക്കേറ്റ മറ്റ് തൊഴിലാളികൾക്ക് മികച്ച ചികിത്സ സൗദി പ്രതിരോധ മന്ത്രാലയം ഉറപ്പാക്കിയിട്ടുണ്ട്. മേഖലയിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടെയുണ്ടായ ഈ ദാരുണ സംഭവം പ്രവാസി സമൂഹത്തിൽ വലിയ നോവായി മാറിയിരിക്കുകയാണ്.