യു.എസ്. എയർഫോഴ്സിന്റെ പ്രധാന ക്ലൗഡ് പ്ലാറ്റ്ഫോം ഹാക്ക് ചെയ്തു; തന്ത്രപ്രധാന വിവരങ്ങൾ ചോർന്നതായി സംശയം
യു.എസ്. എയർഫോഴ്സിന്റെ പ്രധാന ക്ലൗഡ് കമ്പ്യൂട്ടിങ് പ്ലാറ്റ്ഫോമായ ക്ലൗഡ് വൺ സൈബർ ആക്രമണത്തിന് ഇരയായതായി റിപ്പോർട്ട്. സൈന്യത്തെയും ജീവനക്കാരെയും സംബന്ധിച്ച തന്ത്രപ്രധാന വിവരങ്ങൾ ചോർന്നിരിക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം. കഴിഞ്ഞ മാസത്തെ സിസ്റ്റം അപ്ഗ്രേഡുകൾക്കിടയിലാണ് സുരക്ഷാവീഴ്ച കണ്ടെത്തിയത്.
ഏതൊക്കെ വിവരങ്ങളാണ് ചോർന്നതെന്നതിൽ വ്യക്തത വന്നിട്ടില്ല. എൻ.എസ്.എ, സി.ഐ.എ, എഫ്.ബി.ഐ, എഫ്.എ.എ തുടങ്ങിയ യു.എസ്. ഫെഡറൽ ഏജൻസികളുടെ നെറ്റ്വർക്കുകളിലുണ്ടായ തുടർച്ചയായ സൈബർ ആക്രമണങ്ങൾക്കും തടസങ്ങൾക്കും പിന്നാലെയാണ് ഈ സംഭവം പുറത്തുവരുന്നത്.
സംഭവങ്ങൾക്ക് പിന്നാലെ വൈറ്റ് ഹൗസ് നാഷണൽ സൈബർ ഡയറക്ടർ സീൻ കെയർൺക്രോസിനെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തൽസ്ഥാനത്തുനിന്ന് നീക്കി. പദവിക്ക് യോഗ്യനല്ലെന്ന് തോന്നിയതുകൊണ്ടാണ് നടപടിയെന്ന് ട്രംപ് വ്യക്തമാക്കി. പകരം പ്രതിരോധ വകുപ്പ് ചീഫ് ഇൻഫർമേഷൻ ഓഫീസറായ കേർസ്റ്റൺ ഡേവിസ് താത്കാലികമായി ചുമതല ഏറ്റെടുക്കും. എഫ്.എ.എ നെറ്റ്വർക്ക് തടസം വിമാന സർവീസുകളെ ബാധിക്കുകയും എഫ്.ബി.ഐ ഡാറ്റാബേസിലേക്കും സി.ഐ.എ, ഒ.ഡി.എൻ.ഐ നെറ്റ്വർക്കുകളിലേക്കും നുഴഞ്ഞുകയറ്റം ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്.