ഗൾഫിലെ യുഎസ് താവളങ്ങൾ ആക്രമിക്കും, ഹോർമുസ് തുറക്കില്ല; മുജ്തബയുടെ ആദ്യ സന്ദേശം

 

ഗൾഫ് മേഖലയിലെ മുഴുവൻ യുഎസ് സൈനിക താവളങ്ങൾക്കും നേരെ ആക്രമണം നടത്തുമെന്ന് ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഹുസൈനി ഖമനേയി. അധികാരമേറ്റ ശേഷം ആദ്യമായി രാജ്യത്തിന് നൽകിയ സന്ദേശത്തിലാണ് മുജ്തബ തന്റെ കർക്കശമായ നിലപാട് വ്യക്തമാക്കിയത്. യുഎസ്-ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ രക്തത്തിന് പകരം ചോദിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

പശ്ചിമേഷ്യയിലെ യുഎസ് താവളങ്ങൾ ഉടനടി അടച്ചുപൂട്ടണമെന്നും അല്ലാത്തപക്ഷം കനത്ത ആക്രമണം നേരിടേണ്ടി വരുമെന്നും മുജ്തബ പറഞ്ഞു. ലോകത്തെ എണ്ണവിതരണത്തിന്റെ ജീവനാഡിയായ ഹോർമുസ് കടലിടുക്ക് അടച്ചിടുമെന്ന സമ്മർദ തന്ത്രവും അദ്ദേഹം ആവർത്തിച്ചു. അയൽരാജ്യങ്ങളുമായി സഹകരണത്തിന് ഇറാൻ തയ്യാറാണെങ്കിലും, അമേരിക്കൻ സൈന്യത്തിന് താവളമൊരുക്കുന്ന രാജ്യങ്ങൾ ഇറാന്റെ സൈനിക നടപടികൾക്ക് ഇരയാകേണ്ടി വരുമെന്നും അദ്ദേഹം കർശനമായ താക്കീത് നൽകി.

അതേസമയം, മുജ്തബ നേരിട്ട് ദൃശ്യമാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടാതെ, എഴുതി നൽകിയ സന്ദേശം ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ അവതാരകൻ വായിക്കുകയായിരുന്നു. ഇസ്രയേൽ-യുഎസ് ആക്രമണങ്ങളിൽ മുജ്തബയ്ക്ക് പരിക്കേറ്റതായുള്ള റിപ്പോർട്ടുകൾ നിലനിൽക്കുന്നതിനിടെ അദ്ദേഹം നേരിട്ട് വരാത്തത് അന്താരാഷ്ട്ര തലത്തിൽ വലിയ അഭ്യൂഹങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. ഇറാൻ നേതൃത്വം ഈ റിപ്പോർട്ടുകൾ തള്ളിക്കളയുന്നുണ്ടെങ്കിലും മുജ്തബയുടെ അസാന്നിധ്യം ചർച്ചയായിരിക്കുകയാണ്.