യുഎസ് പൊലീസ് വാഹനം ഇന്ത്യൻ വിദ്യാർത്ഥിനിയെ ഇടിച്ച് തെറിപ്പിച്ചു, ശേഷം പൊട്ടിച്ചിരിച്ചു; പ്രതിഷേധം ശക്തമാകുന്നു

 

യുഎസിൽ ഇന്ത്യൻ വിദ്യാർത്ഥിനിയെ കാറിടിച്ച് കൊലപ്പെടുത്തിയ ശേഷം പൊട്ടിച്ചിരിച്ച പൊലീസ് ഉദ്യോ​ഗസ്ഥന്റെ നടപടിയിൽ പ്രതിഷേധം ശക്തമാകുന്നു. ആന്ധ്രപ്രദേശ് സ്വദേശിയായ ജാഹ്നവി കണ്ടൂല എന്ന വിദ്യാർത്ഥിനിയാണ് പൊലീസ് വാഹനമിടിച്ച് മരിച്ചത്. സംഭവത്തിൽ നിയമനിർമ്മാതാക്കളും ഇന്ത്യൻ-അമേരിക്കൻ പൗരന്മാരും പ്രതിഷേധവുമായി രം​ഗത്തെത്തി.

ഇതോടെ വിദ്യാർത്ഥിനിയുടെ മരണത്തിൽ യുഎസ് ഭരണകൂടം വേഗത്തിൽ നീതിയുക്തവുമായ അന്വേഷണം നടത്തുമെന്ന് യുഎസ് ഭരണകൂടം അറിയിച്ചു. സംഭവത്തിൽ സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ അപലപിച്ചിരുന്നു. ഇന്ത്യൻ കോൺസുലേറ്റും സംഭവത്തിൽ ആശങ്ക അറിയിച്ചു. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും, ശക്തമായ നടപടി സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.

ജനുവരി 23 നാ ണ് സിയാറ്റിനിൽ പൊലീസിന്റെ വാഹനം ഇന്ത്യൻ വിദ്യാർത്ഥിനിയെ ഇടിച്ചുതെറിപ്പിച്ചത്. വാഹനമിടിച്ചതിന്റെയും, ശേഷം അവൾ മരിച്ചെന്ന് പറഞ്ഞ് പൊലീസ് ഉദ്യോ​ഗസ്ഥൻ പൊട്ടിച്ചിരിക്കുന്നതിന്റേയും വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഡാനിയേൽ ഓഡ്റെർ എന്ന ഉദ്യോ​ഗസ്ഥന്റെ ബോഡി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. മറ്റൊരു ഉദ്യോ​ഗസ്ഥനായ കെവിൻ ഡേവ് ആണ് വാഹനം ഓടിച്ചിരുന്നത്.

മരിച്ചത് സാധാരണക്കാരിയാണ്. അവൾക്ക് 26 വയസ് തോന്നിക്കും. അവളുടെ ജിവന് വലിയ മൂല്യമൊന്നുമില്ല. അവളുടെ പ്രായം തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്നെല്ലാം വീഡിയോയിൽ പോലീസ് പറയുന്നുണ്ട്. സൗത്ത് ലേക്ക് യൂണിയനിലെ നോർത്ത് ഈസ്റ്റേൺ യൂണിവേഴ്‌സിറ്റി കാമ്പസിലെ ബിരുദാനന്തര ബിരുദക്കാരിയാണ് മരിച്ച ജാഹ്നവി കണ്ടൂല. 2021ൽ സ്റ്റുഡന്റ് എക്‌സ്‌ചേഞ്ച് പ്രോഗ്രാം പ്രകാരം ബെംഗളൂരുവിൽ നിന്ന് യുഎസിലേക്ക് പോയ ജാഹ്നവി ഈ വർഷം ഡിസംബറിൽ ബിരുദം പൂർത്തിയാക്കേണ്ടതായിരുന്നു.