ഇറാനെതിരെയുള്ള ആക്രമണം താത്കാലികമായി നിർത്തിവെക്കാൻ യുഎസ് തീരുമാനം; നിർണ്ണായകമായത് ഗൾഫ് രാഷ്ട്രങ്ങളുടെ ഇടപെടൽ

 

ഇറാനെതിരെ ഇന്ന് ആക്രമണം പുനരാരംഭിക്കാനുള്ള തീരുമാനത്തിൽ നിന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തത്കാലം പിന്മാറി. ഗൾഫ് രാഷ്ട്രത്തലവന്മാരുടെ ശക്തമായ അഭ്യർത്ഥനയെ തുടർന്നാണ് ട്രംപിന്റെ ഈ പിന്മാറ്റം. ഇറാനുമായി ഒരു നയതന്ത്ര ധാരണയിലെത്തുന്നതിന് തൊട്ടടുത്താണെന്ന് സൗദി അറേബ്യ, ഖത്തർ, യുഎഇ എന്നീ രാജ്യങ്ങൾ യുഎസിനെ അറിയിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് ചർച്ചകൾക്കായി ആക്രമണം പുനരാരംഭിക്കുന്നത് രണ്ടോ മൂന്നോ ദിവസത്തേക്ക് നീട്ടിവെക്കാൻ താൻ സമ്മതിച്ചതായി ട്രംപ് വ്യക്തമാക്കി.

അതേസമയം, പ്രഖ്യാപിത നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്ത് അമേരിക്കയ്ക്ക് മുന്നിൽ കീഴടങ്ങാൻ തങ്ങൾ തയ്യാറല്ലെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. ചർച്ചകളിലൂടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇറാനും സന്നദ്ധരാണ്, എന്നാൽ അതിനർത്ഥം അമേരിക്കയുടെ താത്പര്യങ്ങൾ തങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാൻ അനുവദിക്കുമെന്നല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗൾഫ് രാജ്യങ്ങളുടെ മധ്യസ്ഥതയിൽ സമാധാന ശ്രമങ്ങൾ തുടരുമ്പോഴും ഇറാൻ തങ്ങളുടെ ശക്തമായ നിലപാടിൽ ഉറച്ചുനിൽക്കുകയാണ്.

ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കം പരിഹരിക്കാനായി പാകിസ്താൻ ആഭ്യന്തരമന്ത്രി മുഹ്‌സിൻ നഖ്‌വി കഴിഞ്ഞ മൂന്ന് ദിവസമായി തെഹ്‌റാനിൽ തുടരുകയാണ്. ചർച്ചകളിൽ വലിയ പുരോഗതിയുണ്ടെന്നാണ് പാകിസ്താൻ നൽകുന്ന സൂചന. പാകിസ്താൻ മുഖേന ഇറാൻ സമർപ്പിച്ച 14 നിർദേശങ്ങൾ നേരത്തെ ട്രംപ് തള്ളിക്കളഞ്ഞിരുന്നു. പല സുപ്രധാന കാര്യങ്ങളിലും ഇളവ് പോലും നൽകാൻ തയ്യാറാകാത്ത യുഎസിന്റെ ഏകപക്ഷീയമായ നിലപാട് അംഗീകരിക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് ഇറാൻ ഭരണകൂടം. വരും ദിവസങ്ങളിലെ ചർച്ചകൾ പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ നിർണ്ണായകമാകും.