ഇറാൻ എണ്ണക്കടത്തിന് വ്യാജ കപ്പൽ രേഖകൾ: ഇന്ത്യൻ വ്യവസായിക്കും ഭാര്യക്കും യു.എസ് ഉപരോധം
ഇറാന്റെ അനധികൃത എണ്ണക്കടത്തിന് വ്യാജ കപ്പൽ രേഖകൾ നൽകി സഹായിച്ചെന്നാരോപിച്ച് ഇന്ത്യൻ വ്യവസായിക്കും ഭാര്യയ്ക്കും അമേരിക്കയുടെ ഉപരോധം. ചണ്ഡീഗഡ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സുനിൽ കുമാർ ശർമ്മ, ഭാര്യ ജസ്പ്രീത് പ്രീതി ഷാഹിദ് എന്നിവർക്കൊപ്പം ഇവരുടെ നിയന്ത്രണത്തിലുള്ള ഒമ്പത് കമ്പനികൾക്കും മറ്റ് രണ്ട് ഇന്ത്യൻ പൗരന്മാർക്കുമെതിരെയാണ് യു.എസ് ട്രഷറി ഡിപ്പാർട്ട്മെന്റ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഇറാന്റെ ‘ഷാഡോ ഫ്ലീറ്റ്’ എന്നറിയപ്പെടുന്ന അനധികൃത എണ്ണ ടാങ്കറുകൾക്ക് വ്യാജ പതാകകളും സാങ്കേതിക സർട്ടിഫിക്കറ്റുകളും നൽകുന്ന വൻ റാക്കറ്റിനാണ് ഇവർ നേതൃത്വം നൽകിയിരുന്നതെന്ന് യു.എസ് ട്രഷറി ആരോപിച്ചു.
ഗയാന, ലാവോസ്, ഈസ്വാറ്റിനി തുടങ്ങിയ രാജ്യങ്ങളുടെ വ്യാജ ഷിപ്പ് രജിസ്ട്രികൾ നിർമ്മിച്ച്, അന്താരാഷ്ട്ര പരിശോധനകളിൽ നിന്ന് രക്ഷപ്പെടാൻ കപ്പലുകളെ ഇവർ സഹായിച്ചതായാണ് കണ്ടെത്തൽ. ഇതിൽ പല കപ്പലുകളും ഇറാന്റെ സൈന്യത്തിനും സായുധ ഗ്രൂപ്പുകൾക്കും വേണ്ടിയാണ് പ്രവർത്തിച്ചിരുന്നത്. ഇതോടൊപ്പം ഇറാന്റെ വ്യോമയാന മേഖലയെ സഹായിച്ച തുർക്കി ആസ്ഥാനമായുള്ള ‘ഫ്യൂഗോ ഗ്രൗണ്ട് സർവീസസ്’ എന്ന ഗ്രൗണ്ട് ഹാൻഡ്ലിങ് കമ്പനിയെയും അമേരിക്ക കരിമ്പട്ടികയിൽ പെടുത്തി.
ഇറാൻ സർക്കാരിന്റെ വരുമാന സ്രോതസ്സുകൾ പൂർണ്ണമായി കൊട്ടിയടയ്ക്കുക എന്ന ലക്ഷ്യത്തോടെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടപ്പാക്കുന്ന ‘ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്’ എന്ന പദ്ധതിയുടെ ഭാഗമായാണ് പുതിയ നടപടികൾ. ഉപരോധ ലംഘനം നടത്തുന്നവർ ഭൂമിയിലായാലും കടലിലായാലും ആകാശത്തായാലും വെറുതെ വിടില്ലെന്നും, ആഗോള സാമ്പത്തിക ഇടപാടുകളിൽ നിന്ന് അത്തരം കേന്ദ്രങ്ങളെ പൂർണ്ണമായി മാറ്റിനിർത്തുമെന്നും യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് മുന്നറിയിപ്പ് നൽകി.