ഇറാനെതിരെ അമേരിക്കയുടെ കടുത്ത സാമ്പത്തിക ഉപരോധം; ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റിന് തുടക്കമായി

 

ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് ഇറാൻ ടോൾ ഏർപ്പെടുത്തിയതിന് പിന്നാലെ അമേരിക്കയുടെ കടുത്ത മുന്നറിയിപ്പ്. ഇറാനുമായി സാമ്പത്തിക ഇടപാടുകൾ നടത്തുന്ന രാജ്യങ്ങൾക്കെതിരെ ഉപരോധം ശക്തമാക്കുമെന്ന് അമേരിക്ക വ്യക്തമാക്കി. ഇറാനുമായുള്ള ഇടപാടുകൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രത്തലവന്മാരുമായി നേരിട്ട് സംസാരിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു.

ഇറാനെ സാമ്പത്തികമായി ഒറ്റപ്പെടുത്തുന്നതിനുള്ള 'ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്' എന്ന നടപടിക്കും അമേരിക്ക തുടക്കമിട്ടു. ഇറാനുമായി ബന്ധമുള്ള അറുപതോളം സ്ഥാപനങ്ങൾക്കും കപ്പലുകൾക്കും വ്യക്തികൾക്കുമെതിരെ യുഎസ് ട്രഷറി വകുപ്പ് ഉപരോധം പ്രഖ്യാപിച്ചു. ഇറാനെ കള്ളപ്പണം വെളുപ്പിക്കാൻ സഹായിക്കുന്ന രാജ്യങ്ങളെ യുഎസ് ഡോളർ സംവിധാനത്തിൽ നിന്ന് പുറത്താക്കുമെന്നും മുന്നറിയിപ്പുണ്ട്.

ഇറാന്റെ സമ്പദ്വ്യവസ്ഥയെ നിലനിർത്തുന്ന എല്ലാ സാമ്പത്തിക ജീവനാഡികളും വിച്ഛേദിക്കുകയാണ് ലക്ഷ്യമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് വ്യക്തമാക്കി. ഇറാനുമായുള്ള വ്യാപാരബന്ധം അവസാനിപ്പിക്കാൻ രാജ്യങ്ങൾക്ക് സമയപരിധി നിശ്ചയിക്കുമെന്നും അദ്ദേഹം അറിയിച്ചു. 'ആരും അമേരിക്കയ്ക്ക് അതീതരല്ല' എന്ന മുന്നറിയിപ്പും യുഎസ് ട്രഷറി വകുപ്പ് നൽകി.