ഇറാനുമായി സമാധാന കരാറിന് യുഎസ്, ജെ.ഡി വാൻസ് യൂറോപ്പിലേക്ക്
ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ ‘‘വലിയൊരു ഒത്തുതീർപ്പിൽ’’ എത്തിയതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഈ വാരാന്ത്യത്തോടെ യൂറോപ്പിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഔദ്യോഗിക വെടിനിർത്തൽ കരാറിൽ ഒപ്പുവയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.തന്റെ എൺപതാം ജന്മദിനത്തോടനുബന്ധിച്ച് വരുന്ന ഞായറാഴ്ച വൈറ്റ് ഹൗസിൽ നടക്കുന്ന കേജ് ഫൈറ്റിന് ആതിഥേയത്വം വഹിക്കുന്നതിനാൽ, സമാധാന കരാറിന്റെ ഭാഗമായുള്ള ഒപ്പിടൽ ചടങ്ങിൽ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് യുഎസിനെ പ്രതിനിധീകരിക്കുമെന്നും ട്രംപ് അറിയിച്ചു.ഇറാനെതിരെ വ്യോമാക്രമണങ്ങൾ നടത്തുമെന്ന് മുന്നറിയിപ്പ് നൽകി മണിക്കൂറുകൾക്കകമാണ് ആക്രമണം റദ്ദാക്കിക്കൊണ്ടുള്ള ട്രംപിന്റെ ഈ പുതിയ പ്രഖ്യാപനം വന്നത്. എന്നാൽ കരാറിനെക്കുറിച്ച് ഇറാൻ ഔദ്യോഗിക സ്ഥിരീകരണമൊന്നും നൽകിയിട്ടില്ല. ഇരുപക്ഷവും എന്തൊക്കെ നിബന്ധനകളിലാണ് യോജിപ്പിലെത്തിയത് എന്നതിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ വെളിപ്പെടുത്താൻ ട്രംപ് തയ്യാറായില്ല.
‘‘ഇറാനുമായുള്ള യുദ്ധത്തിൽ ഞങ്ങൾ വലിയൊരു ഒത്തുതീർപ്പ് ഉണ്ടാക്കിയിരിക്കുകയാണ്,’’ ഓവൽ ഓഫിസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞു. രേഖകളുടെ അന്തിമരൂപം അടുത്ത കുറച്ചുദിവസങ്ങൾക്കുള്ളിൽ തയാറാകുന്ന മുറയ്ക്ക്, ഒരുപക്ഷേ ഈ വാരാന്ത്യത്തിൽ യൂറോപ്പിൽ വെച്ച് ഒപ്പിടൽ ചടങ്ങ് നടന്നേക്കുമെന്നും ഇതൊരു വലിയ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനയി കരാറിന് വ്യക്തിപരമായി അനുമതി നൽകിയതായി താൻ വിശ്വസിക്കുന്നുവെന്ന് ട്രംപ് പറഞ്ഞു. നിരന്തരമായ ആക്രമണങ്ങളാൽ കടുത്ത തിരിച്ചടി നേരിട്ടതുകൊണ്ടാണ് ഇറാൻ കരാറിന് സമ്മതിച്ചതെന്നും ട്രംപ് അവകാശപ്പെട്ടു. പുതിയ കരാർ പ്രകാരം ഇറാൻ ഇനി ഒരിക്കലും ആണവായുധങ്ങൾ നിർമിക്കുകയോ വാങ്ങുകയോ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.