ജോർജിയ മെലോനിയുമായുള്ള വാക്പോര് കൂടുതൽ കടുപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

 

 

ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയുമായുള്ള വാക്പോര് കൂടുതൽ കടുപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മെലോനിക്ക് തന്നോട് കടുത്ത അഭിനിവേശമാണെന്ന് വരുത്തിത്തീർക്കുന്ന തരത്തിലുള്ള ഒരു വിചിത്രമായ 'മീം' പങ്കുവെച്ചുകൊണ്ടാണ് ട്രംപ് രംഗത്തെത്തിയിരിക്കുന്നത്. തനിക്ക് മെലോനിക്കെതിരെ ഒരു 'റെസ്ട്രെയിനിങ് ഓർഡർ' ആവശ്യമാണെന്ന് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യൽ' വഴി പരിഹസിച്ചു. ഒരു വ്യക്തി മറ്റ് വ്യക്തികളെ പിന്തുടർന്ന് ശല്യം ചെയ്യുക, ഉപദ്രവിക്കുക അല്ലെങ്കിൽ ബന്ധപ്പെടാൻ ശ്രമിക്കുക തുടങ്ങിയ നിർദ്ദിഷ്ട പ്രവൃത്തികളിൽ നിന്ന് വിട്ടുനിൽക്കാൻ കോടതി പുറപ്പെടുവിക്കുന്ന നിയമപരമായ ഉത്തരവാണ് 'റെസ്ട്രെയിനിങ് ഓർഡർ'. ഇരയുടെ വീട്, ജോലിസ്ഥലം അല്ലെങ്കിൽ വിദ്യാലയം എന്നിവയിൽ നിന്നും ഈ വ്യക്തി നിശ്ചിത അകലം പാലിക്കണം എന്നതുപോലുള്ള വ്യവസ്ഥകൾ സാധാരണയായി ഈ ഉത്തരവിൽ ഉൾപ്പെടുന്നു.മെലോനി തന്നെ നോക്കി പുഞ്ചിരിക്കുന്ന രീതിയിൽ എഡിറ്റ് ചെയ്ത ഒരു ചിത്രമാണ് ട്രംപ് പങ്കുവെച്ചത്. ഇറ്റലിയിലെ തീവ്ര വലതുപക്ഷ നേതാവായ മെലോനിക്ക് തന്നോട് പ്രത്യേക താല്പര്യമുണ്ടെന്ന് പരോക്ഷമായി സൂചിപ്പിക്കുന്നതായിരുന്നു ചിത്രം. "ഒരു റെസ്ട്രെയിനിങ് ഓർഡർ ആവശ്യമാണ്," എന്ന അടിക്കുറിപ്പോടെയാണ് ട്രംപ് ഈ ചിത്രം പോസ്റ്റ് ചെയ്തത്. ഞായറാഴ്ച ട്രൂത്ത് സോഷ്യലിൽ ട്രംപ് പങ്കുവെച്ച വിവാദ പോസ്റ്റുകളിൽ ഒന്നായിരുന്നു ഇത്. മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയും ഭാര്യ മിഷേൽ ഒബാമയും എയർഫോഴ്സ് വൺ വിമാനത്തിൽ കയറുന്നതിന് മുമ്പുള്ള ഒരു വ്യാജ ചിത്രവും ട്രംപ് ഇതോടൊപ്പം പങ്കുവെച്ചിരുന്നു.