യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇടപെടുകയാണെങ്കില്‍ വലിയ പ്രശ്‌നം നേരിടേണ്ടി വരും: ഇലോണ്‍ മസ്‌ക്
ഗൂഗിളിന് ശക്തമായ മുന്നറിയിപ്പുമായി ടെസ് ല മേധാവി ഇലോണ്‍ മസ്‌ക്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇടപെടുകയാണെങ്കില്‍ വലിയ പ്രശ്‌നം നേരിടേണ്ടി വരുമെന്ന് മസ്‌ക് ഗൂഗിളിന് മുന്നറിയിപ്പ് നല്‍കുന്നു. ഗൂഗിള്‍ സെര്‍ച്ചില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് എന്ന് ടൈപ്പ് ചെയ്യുമ്പോള്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ഡക്ക് എന്ന നിര്‍ദേശം വരുന്നുവെന്ന് കാണിക്കുന്ന സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചുകൊണ്ടാണ് മസ്‌കിന്റെ വിമര്‍ശനം.
പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എന്ന സെര്‍ച്ചിന് ഗൂഗിളില്‍ വിലക്കുണ്ടെന്നും ഇത് തിരഞ്ഞെടുപ്പിലെ ഇടപെടല്‍ അല്ലേ എന്നും മസ്‌ക് ചോദിക്കുന്നു. ഗൂഗിള്‍ ഡെമോക്രാറ്റുകളുടെ ഉടമസ്ഥതയിലാണെന്ന് ഈ പോസ്റ്റിന് കീഴില്‍ ഒരു എക്‌സ് ഉപഭോക്താവ് അഭിപ്രായപ്പെട്ടു.
പരസ്യമായ ഒരു ട്രംപ് അനുകൂലിയാണ് ഇലോണ്‍ മസ്‌ക്. ട്രംപിന് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന അദ്ദേഹത്തിന്റെ ഈ വിമര്‍ശനം തീര്‍ത്തും രാഷ്ട്രീയ താല്‍പര്യങ്ങളോടെയാണെന്ന വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. ട്രംപ് അധികാരത്തിലെത്തിയാല്‍ ഉപദേശക സ്ഥാനം വരെ മസ്‌കിന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
'നിങ്ങള്‍ (മസ്‌ക്) ഡെമോക്രാറ്റുകളെ അടിച്ചമര്‍ത്തുന്നുണ്ടെന്ന് അവര്‍ (റിപ്പബ്ലിക്കന്‍സിന്റെ എതിരാളികള്‍) ആരോപിക്കുമെന്ന് എനിക്കുറപ്പാണ്. എന്നാല്‍ എന്റെ അല്‍ഗൊരിതത്തില്‍ രണ്ട് പാര്‍ട്ടികളും അവരുടെ അഭിപ്രായങ്ങളും ചിന്തകളും പോസ്റ്റ് ചെയ്യുന്നുണ്ട്. ഇടത് പക്ഷത്തിന് സമാനമായ കാഴ്ചപ്പാട് പങ്കിടത്താവരെ എക്‌സിന്റെ മുമ്പുള്ള മാനേജ്‌മെന്റ് നിയന്ത്രിക്കുകയും നിരോധിക്കുകയും ചെയ്തിരുന്നു.' എന്ന് ഇലോണ്‍ മസ്‌കിന്റെ ഫോളോവര്‍മാര്‍ ഈ പോസ്റ്റിന് കീഴില്‍ അഭിപ്രായപ്പെട്ടു.
അതേസമയം എക്‌സ് ഉപഭോക്താക്കള്‍ സമാനമായ മറുചോദ്യവും ചോദിക്കുന്നുണ്ട്. 'നിങ്ങള്‍ക്കിഷ്ടമില്ലാത്ത (മസ്‌കിന്) നിരവധി അക്കൗണ്ടുകള്‍ക്ക് നിങ്ങള്‍ സെര്‍ച്ച് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. അപ്പോള്‍ എന്താണ് വ്യത്യാസം?' എന്ന് അവര്‍ ചോദിക്കുന്നു.
കമല ഹാരിസിന്റെ വരവോടെ യുഎസ് തിരഞ്ഞെടുപ്പില്‍ ശക്തമായ മത്സരം നടക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വാള്‍സ്ട്രീറ്റ് ജേണലിന്റെ പുതിയ കണക്കനുസരിച്ച് 49 ശതമാനം വോട്ട് ട്രംപിനും 47 ശതമാനം വോട്ട് കമല ഹാരിസിനും ലഭിക്കുമെന്നാണ് റിപ്പോർട്ട്.