ഹോർമൂസിൽ ഇന്ത്യൻ നാവികരുള്ള ടാങ്കർ ആക്രമിച്ചത് തങ്ങളാണെന്ന് യുഎസ്
Jun 9, 2026, 14:35 IST
ഒമാൻ തീരത്ത് ഇന്ത്യൻ നാവികരുൾപ്പെട്ട എം.ടി. മാരിവെക്സ് ഇന്ധന ടാങ്കർ ആക്രമിച്ചത് തങ്ങളാണെന്ന് അമേരിക്ക. ഇറാനിലേക്കുള്ള ഉപരോധം ലംഘിച്ച് യാത്ര ചെയ്ത കപ്പൽ മുന്നറിയിപ്പുകൾ അവഗണിച്ചതിനെത്തുടർന്നാണ് ആക്രമിച്ചതെന്നാണ് അമേരിക്കൻ സെൻട്രൽ കമാൻഡ് വിശദീകരണം. ഇന്നലെയാണ് ഹോർമൂസിൽ 24 ഇന്ത്യൻ ജീവനക്കാരുൾപ്പെട്ട കപ്പൽ ആക്രമിക്കപ്പെട്ടത്. അമേരിക്കൻ വ്യോമസേനയുടെ യുദ്ധവിമാനത്തിൽ നിന്നുള്ള മിസൈൽ ആക്രമണമാണ് കപ്പലിന്റെ എഞ്ചിൻ റൂമിനുനേരെ ഉണ്ടായത്.നാവിക ഉപരോധം മറികടക്കാൻ ശ്രമിച്ചപ്പോഴാണ് ആക്രമിച്ചതെന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ് വിശദീകരിക്കുന്നു. കപ്പലിലുണ്ടായിരുന്ന 24 ഇന്ത്യൻ നാവികരും സുരക്ഷിതരാണ്. ഒമാൻ അധികാരികൾ ഇവരെ ഹെലികോപ്റ്റർ മാർഗ്ഗം സുരക്ഷിതമായി എയർലിഫ്റ്റ് ചെയ്യുകയായിരുന്നു.