ഹമദ് രാജാവുമായി കൂടിക്കാഴ്ച നടത്തി യു.എസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ
ഔദ്യോഗിക ബഹ്‌റൈൻ സന്ദർശനത്തിനെത്തിയ യു.എസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുമായി കൂടിക്കാഴ്ച നടത്തി. മനാമയിലെ കൊട്ടാരത്തിൽ നടന്ന ഉന്നതതല കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും വിവിധ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ചും ഇരുനേതാക്കളും വിശദമായി ചർച്ച ചെയ്തു.
തന്റെ ബഹ്‌റൈൻ സന്ദർശനത്തിൽ ഏറെ സന്തോഷമുണ്ടെന്ന് അറിയിച്ച യു.എസ് വിദേശകാര്യ സെക്രട്ടറി, ബഹ്‌റൈൻ ഭരണാധികാരിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ പൂർണ്ണ സംതൃപ്തി രേഖപ്പെടുത്തി. പ്രത്യേകിച്ച് സാമ്പത്തിക, പ്രതിരോധ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ സഹകരണവും ഏകോപനവും കൂടുതൽ ശക്തമാക്കേണ്ടതിന്റെ ആവശ്യകത ചർച്ചയിൽ ഊന്നിപ്പറഞ്ഞു. നിലവിലെ മേഖലാപരമായതും അന്താരാഷ്ട്രപരവുമായ പുതിയ രാഷ്ട്രീയ സാഹചര്യങ്ങളും കൂടിക്കാഴ്ചയിൽ പ്രധാന വിഷയമായി കടന്നുവന്നു.
മേഖലയിൽ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനായി നിലവിൽ നടന്നുവരുന്ന നയതന്ത്ര നീക്കങ്ങളെക്കുറിച്ച് ഇരുനേതാക്കളും പരസ്പരം ആശയവിനിമയം നടത്തി. അമേരിക്കയും ഇറാനും തമ്മിൽ അടുത്തിടെ ഒപ്പുവെച്ച സുപ്രധാന ധാരണാപത്രം പശ്ചിമേഷ്യൻ മേഖലയിലെ സമാധാനം നിലനിർത്തുന്നതിനും തർക്ക പരിഹാരങ്ങൾക്കും സഹായിക്കുന്ന വിവേകപൂർണ്ണമായ തീരുമാനമാണെന്ന് യോഗം വിലയിരുത്തി. തുടർച്ചയായ സംഭാഷണങ്ങളിലൂടെയും നയതന്ത്ര ചർച്ചകളിലൂടെയും മാത്രമേ അന്താരാഷ്ട്ര സുരക്ഷയും സുസ്ഥിര സമാധാനവും കൈവരിക്കാൻ സാധിക്കൂ എന്ന് ഇത്തരം നീക്കങ്ങളിലൂടെ ലക്ഷ്യമിടുന്നതായി ഇരുപക്ഷവും വ്യക്തമാക്കി.